തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളികളെ തിരഞ്ഞെടുത്ത് തൊഴിൽ ശ്രേഷ്ഠം അവാര്‍ഡ് നല്‍കുന്നതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 15വരെ ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ തീയതി. തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവുമാണ് അവാര്‍ഡായി നല്‍കുന്നത്. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി ,കള്ള് ചെത്തു തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി ,പ്ലാന്റേഷന്‍ തൊഴിലാളി, സെയില്‍സ് മാന്‍ / വുമണ്‍ , നേഴ്‌സ് ,ടെക്സ്റ്റയില്‍ തൊഴിലാളി, ആഭരണ തൊഴിലാളി, ഗാര്‍ഹിക തൊഴിലാളി എന്നീ മേഖലകളില്‍ നിന്നുള്ളവരെയാണ് തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്.
തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയന്‍ പ്രതിനിധി എന്നിവരുടെ അഭിപ്രായവും തൊഴിലാളിയില്‍ നിന്നും പതിനഞ്ചു ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഓണ്‍ലൈന്‍ ആയി ശേഖരിക്കും. ഇതോടൊപ്പം സോഫ്റ്റ്‌വെയര്‍ മുഖേന മാര്‍ക്ക് കണക്കാക്കുകയും ചെയ്യും. ലേബര്‍ കമ്മീഷണര്‍ നിശ്ചയിക്കുന്ന കട്ട് ഓഫ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ യോഗ്യത നേടിയിട്ടുള്ള തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റര്‍വ്യൂ നടത്തിയതിനു ശേഷവുമാണ് ഏറ്റവും മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുന്നത്. തൊഴിലാളികളുടെ എന്‍ട്രികള്‍ ലേബര്‍ കമ്മീഷണറുടെ വെബസൈറ്റ് ആയ www.lc.kerala.gov.in മുഖേന അയക്കാം. തൊഴിലാളി സമര്‍പ്പിക്കുന്ന നോമിനേഷന്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ പരിശോധിച്ച ശേഷം യോഗ്യതയുളള അപേക്ഷകള്‍ വിശദ പരിശോധനയ്ക്കായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും. അംഗീകരിക്കപ്പെടുന്ന നോമിനേഷനില്‍ സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങള്‍ പ്രകാരം തൊഴിലുടമയ്ക്കും ട്രേഡ് യൂണിയന്‍ പ്രതിനിധിക്കും ചോദ്യവലി പൂരിപ്പിച്ച് നല്‍കുന്നതിനുള്ള അലെര്‍ട് മെസ്സേജുകള്‍ ഇമെയില്‍ ആയും എസ് എം എസ് ആയും ലഭിക്കും. തൊഴിലുടമയ്ക്കും ട്രേഡ് യൂണിയന്‍ പ്രതിനിധിക്കും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലേബര്‍ കമ്മീഷണറുടെ വെബ്‌സൈറ്റിലുള്ള www.lc.kerala.gov.in തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ചോദ്യാവലി പൂരിപ്പിച്ച് തൊഴിലാളിയെ കുറിച്ച് തങ്ങള്‍ക്കുള്ള അഭിപ്രായം സമര്‍പ്പിക്കാൻ സാദിക്കും.
പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തൊഴിലാളിയുടെ ആകെ മാര്‍ക്ക് പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കട്ട് ഓഫ് മാര്‍ക്ക് ലഭിക്കുന്ന തൊഴിലാളികളെ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഇന്റര്‍വ്യൂ നടത്തി മികച്ച തൊഴിലാളിയെ കണ്ടെത്തി കമ്മിറ്റി മുമ്പാകെ അഭിമുഖത്തിന് ശുപാര്‍ശ ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഓരോ തൊഴില്‍ മേഖലയില്‍ നിന്നും നോമിനേറ്റ് ചെയ്യുന്ന തൊഴിലാളികളെ റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ ഇന്റര്‍വ്യൂ നടത്തി ഏറ്റവും മികച്ച തൊഴിലാളിയെ കണ്ടെത്തി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്കായി സോഫ്റ്റ്വെയര്‍ മുഖേന ശുപാര്‍ശ ചെയ്യും. ഇതിനായി റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ അധ്യക്ഷനായുള്ള റീജണല്‍ കമ്മിറ്റി ,ജില്ലാ ലേബര്‍ ഓഫീസര്‍ അധ്യക്ഷനായുള്ള ജില്ലാ കമ്മിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടാം വാരം അവാര്‍ഡ് ദാന ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങളെല്ലാം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും നടത്തുക. അഭിമുഖങ്ങള്‍ ആവശ്യമെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേനയും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.