ക്ലാസ് മുറിയില്‍ വീണ് പരിക്ക്; വിദ്യാര്‍ഥിയെ രണ്ടാം നിലയില്‍ നിന്നും നടത്തിച്ചതായി പരാതി

ക്ലാസ് മുറിയില്‍ വീണ് പരിക്ക്; വിദ്യാര്‍ഥിയെ രണ്ടാം നിലയില്‍ നിന്നും നടത്തിച്ചതായി പരാതി

കൊച്ചി: ക്ലാസ് റൂമില്‍ വീണ് കാലിനു പരിക്കേറ്റ വിദ്യാര്‍ഥിയെ അധ്യാപിക രണ്ടാം നിലയില്‍ നിന്നും നടത്തിച്ചതായി പരാതി. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ഭാഗത്തു താമസിക്കുന്ന വീട്ടമ്മയായ സംഗീതയുടെ പരാതിയില്‍ ജില്ലാ കലക്ടര്‍ രേണു രാജ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇടതു കാലിന്റെ എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയ മൂന്നാം ക്ലാസുകാരനെ പിന്നീട് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടറുടെ നിര്‍ദേശം. ടീച്ചര്‍ ഇല്ലാത്ത സമയത്ത് ക്ലാസില്‍ ഓടി കളിക്കുന്നതിനിടെയാണ് കുട്ടിയ്ക്ക് വീണ് പരിക്കേറ്റത്.

കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ ക്ലാസ് ടീച്ചര്‍ പ്രാഥമിക ചികിത്സ പോലും നല്‍കാതെ അഭിനയമാണെന്ന് അധിക്ഷേപിക്കുകയും താഴത്തെ നിലയിലേക്ക് നിര്‍ബന്ധിച്ച് നടത്തിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കാലിന് നീരുവെച്ച നിലയിലായിരുന്നു കുട്ടി.

അപകടത്തെ കുറിച്ച് ക്ലാസ് ടീച്ചറോ, പ്രധാന അധ്യാപികയോ വീട്ടുകാരെ അറിയിച്ചില്ല. വാന്‍ ഡ്രൈവറാണ് വിവരം അറിയിച്ചത്. ആശുപത്രിയിലെത്തിച്ച് എക്‌സ്റേ എടുത്തപ്പോഴാണ് എല്ലുകള്‍ മൂന്നിടത്ത് പൊട്ടിയത് കണ്ടെത്തിയത്. കുട്ടിയെ നടത്തിച്ചതു കാരണം എല്ലുകള്‍ക്ക് വിടവുണ്ടാവുകയും ഒടിവ് കൂടുകയും ചെയ്തെന്നും പരാതിയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.