സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ പാര്‍ട്ടി കേഡര്‍മാരിലേക്കും വരും; കമ്മിറ്റിയില്‍ നടന്നത് തെറ്റുതിരുത്തല്‍ രേഖയെന്ന് പി ജയരാജന്‍

സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ പാര്‍ട്ടി കേഡര്‍മാരിലേക്കും വരും; കമ്മിറ്റിയില്‍ നടന്നത് തെറ്റുതിരുത്തല്‍ രേഖയെന്ന് പി ജയരാജന്‍

തിരുവനന്തപുരം: സമൂഹത്തിലുള്ള പല തെറ്റായ പ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലേക്ക് കടന്നുവരുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. അതിനെതിരായിട്ടുള്ള തെറ്റുതിരുത്തല്‍ രേഖയാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ആ തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി സ്വാഭാവികമായും പാര്‍ട്ടിക്കകത്തെ തെറ്റായ പ്രവണതകളെ കുറിച്ച് പറയുക എന്നതല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന സമിതി യോഗം നടക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു.

ഇ.പി ജയരാജനെതിരെ ഉയര്‍ത്തിയ സാമ്പത്തിക അഴമതിയായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇ.പി ജയരാജന്‍ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമാണ്. സമുന്നതാനായ നേതാവാണ്. പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്ന അവസരത്തില്‍ രാഷ്ട്രീയ എതിരാളികളുടെ ക്രൂരമായ അക്രമണത്തിന് ഇരയായിട്ടുള്ള ഒരാള്‍. പാര്‍ട്ടിക്കകത്ത് തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പാര്‍ട്ടി സമരം നടത്തും. അതിന്റെ ഭാഗമായി എല്ലാ ഘടകങ്ങളിലും ചര്‍ച്ച ചെയ്യാനുള്ള ഒരു രേഖയാണ് പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ചത്. അതില്‍ കൂടുതല്‍ സംസ്ഥാന സമിതി എന്തു ചര്‍ച്ച ചെയ്തു എന്ന കാര്യം മാധ്യമങ്ങളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

സംസ്ഥാനസമിതിയില്‍ എത്രയോ ആളുകള്‍ സംസാരിച്ചിട്ടുണ്ട്. അത് എല്ലാ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന യാതൊരു ചര്‍ച്ചയും നിഗമനവും ഉണ്ടായിട്ടില്ല. വിപ്ലവപരമായ ആത്മശുദ്ധി നിലനിര്‍ത്തത്തക്ക നിലയിലുള്ള പ്രവണതകള്‍ക്ക് വേണ്ടിയുള്ള നല്ലനിലക്കുള്ള ഇടപെടലാണ് വേണ്ടതെന്നാണ് തെറ്റുതിരുത്തല്‍ രേഖയില്‍ പറഞ്ഞത്.

സമൂഹത്തില്‍ ജീര്‍ണതയുണ്ടല്ലോ. ഈ ജീര്‍ണത നിലവിലുള്ള സാമൂഹിക സാമ്പത്തിക സംവിധാനക്രമത്തെ വിപ്ലപകരമായി മാറ്റിത്തീര്‍ക്കുന്ന സിപിഎമ്മിനകത്തും കുറെശ്ശേ നുഴഞ്ഞുകയറും. ആ നുഴഞ്ഞുകയറുന്ന എല്ലാ പ്രവണതകളും അത് സംസ്ഥാന കമ്മറ്റി അംഗമായ തന്നിലും ഉണ്ടെങ്കില്‍ അതിനെതിരായ സമരം പാര്‍ട്ടിയില്‍ നടത്തണമെന്നാണ് തെറ്റുതിരുത്തല്‍ രേഖയുടെ സാരാംശം. ഇത് ജനങ്ങള്‍ക്കു മുന്‍പില്‍ നല്ല തിളക്കമാര്‍ന്ന ഒരു പാര്‍ട്ടിയാക്കാന്‍ സിപിഎമ്മിനെ സഹായിക്കുമെന്ന് ജയരാജന്‍ കൂട്ടിച്ചര്‍ത്തു.

കേന്ദ്ര കമ്മിറ്റി അങ്ങനെ ഒരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല. മനസിലാക്കിയിട്ടുമില്ല. നാട്ടില്‍ പല സ്ഥലത്തും പല പദ്ധതികളും നടക്കുന്നുണ്ട്. അതിനെ കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചാല്‍ എങ്ങനെ മറുപടി പറയും. നിങ്ങളീ പറഞ്ഞ ഒരു റിസോര്‍ട്ടിന്റെ അടുത്തും താന്‍ പോയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

ഇടതു മുന്നണി കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍.

റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡില്‍ മാറ്റം വരുത്തിയതായും ജയരാജന്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ തെറ്റു തിരുത്തല്‍ രേഖ ചര്‍ച്ച ചെയ്യുന്ന വേളയിലായിരുന്നു ആരോപണം.റിസോര്‍ട്ടിന് പിന്നില്‍ സാമ്പത്തിക അഴിമതിയുണ്ട്. അനധികൃതമായി ഇ.പി സ്വത്ത് സമ്പാദിച്ചതായും പി ജയരാജന്‍ ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.