റിയാദ്: യാഥാസ്ഥിതിക ഇസ്ലാമിക രാജ്യത്ത് ജനിച്ച കടുത്ത മതവിശ്വാസി, യേശു ദൈവപുത്രനല്ലെന്നും ഇസ്ലാം മത വിശ്വാസികളല്ലാത്തവര്‍ നരകത്തിന് വിധിക്കപ്പെട്ടവരാണെന്നും ഒരു കാലത്ത് ഉറച്ച് വിശ്വസിച്ചിരുന്ന വ്യക്തി - തന്റെ പന്ത്രണ്ടാമത്തെ വയസില്‍ ഇസ്ലാം മത ഗ്രന്ഥം മനപാഠമാക്കിയ അല്‍ ഫാദി ഇന്ന് വേറിട്ട വഴിയിലാണ്. സ്വന്തം ജീവിത സാക്ഷ്യം പറഞ്ഞ് സുവിശേഷ പ്രഘോഷണത്തിലൂടെ അനേകരെ ക്രിസ്തു സ്നേഹത്തിന്റെ പുതു വഴിത്താരയിലെത്തിക്കുന്ന ദൗത്യത്തിലാണ് അല്‍ ഫാദി.
യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച, സൗദിയിലെ പ്രമുഖ മുസ്ലിം കുടുംബാംഗവും മുസ്ലിം പണ്ഡിതനുമായിരുന്ന അല്‍ ഫാദിയുടെ സാക്ഷ്യമാണ് വാര്‍ത്തകളില്‍ നിറയുന്നത്.
പന്ത്രണ്ടാമത്തെ വയസില്‍ ഇസ്ലാം മതഗ്രന്ഥം പകുതിയോളം മനപാഠമാക്കിയ വ്യക്തിയാണ് അല്‍ ഫാദി. പതിനഞ്ചാമത്തെ വയസില്‍ മറ്റ് യുവാക്കള്‍ ചെയ്യുന്നത് പോലെ സോവിയറ്റ് യൂണിയനെതിരെ ഒസാമ ബിന്‍ ലാദനൊപ്പം പോരാടാന്‍ തീരുമാനിച്ചു. അമ്മ തടഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ ജിഹാദി ആകുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ സ്വന്തം മതഗ്രന്ഥവുമായി അടുത്ത് ഇടപഴകി കഴിഞ്ഞപ്പോള്‍ അതിലെ ചില വിദ്വേഷപരമായ സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. 'തന്നെ സ്വീകരിച്ചില്ല എന്ന കാരണത്താല്‍ എങ്ങനെ ദൈവത്തിന് തന്റെ സ്വന്തം സൃഷ്ടിയെ വെറുക്കാന്‍ കഴിയും?' എന്ന ചോദ്യം മനസില്‍ ഉടലെടുത്തതോടെയാണ് മനപരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.
സൗദി അറേബ്യയില്‍ കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1989-ല്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ അല്‍ ഫാദി അമേരിക്കയിലെത്തി. അമേരിക്കന്‍ സംസ്കാരവുമായി കൂടുതല്‍ ഇടപഴകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാമില്‍ ചേര്‍ന്നു.
അതൊരു ക്രിസ്ത്യന്‍ മിനിസ്ട്രിയാണെന്നറിയാതെയാണ് താന്‍ അതില്‍ ഒപ്പുവെച്ചതെന്ന് അല്‍ ഫാദി പറയുന്നു. രണ്ടാഴ്ചകള്‍ക്ക് ശേഷം അദ്ദേഹത്തെ സഹായിക്കാന്‍ നിയുക്തരായ യുവ ദമ്പതികളുമായി പരിചയത്തിലായി.
അടുത്ത ഏഴു മാസത്തോളം ആ കുടുംബം തനിക്ക് നല്കിയ സ്നേഹം എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നുവെന്ന് അല്‍ ഫാദി പറയുന്നു. അത്തരമൊരനുഭവം തനിക്ക് മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ല. നവംബറില്‍ അവരുടെ വീട്ടില്‍ അത്താഴം കഴിക്കാന്‍ പോയി. അവര്‍ ഒരിക്കലും എന്നോടു സുവിശേഷം പങ്കുവെച്ചിട്ടില്ല, എന്നാല്‍ സുവിശേഷം എങ്ങനെയാണെന്ന് അവര്‍ എനിക്ക് കാണിച്ചു തന്നു. എന്റെ മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള സംശയം നിറഞ്ഞ മനസോടെയാണ് ഞാന്‍ അന്ന് ആ വീട്ടില്‍ നിന്നും മടങ്ങിയത്. തുടര്‍ന്ന് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അല്‍ ഫാദി തീരുമാനിച്ചു.
ഇതിനിടെ തന്റെ മാസ്റ്റേഴ്സ് ഡിഗ്രി പൂര്‍ത്തിയായ ശേഷം അല്‍ ഫാദി ഒരു കമ്പനിയില്‍ ജോലിക്ക് കയറി. അവിടെ വെച്ചാണ് മറ്റൊരു ക്രൈസ്തവ വിശ്വാസിയെ അദ്ദേഹം കണ്ടുമുട്ടുന്നത്. ക്രിസ്തുമസിന് അവരുടെ വീട്ടില്‍ അത്താഴം കഴിക്കാന്‍ പോയപ്പോള്‍ നേരത്തെ കണ്ട ക്രൈസ്തവ കുടുംബത്തിന്റെ അതേ നന്മയും സ്നേഹവും ഈ വീട്ടിലും കാണാന്‍ കഴിഞ്ഞതായി അല്‍ ഫാദി പറയുന്നു. ക്രമേണ ക്രൈസ്തവ വിശ്വാസത്തിലുള്ള താല്പര്യം വര്‍ദ്ധിച്ചു. അങ്ങനെ 2001-ലാണ് സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായി മുന്നോട്ടുപോകാന്‍ അദ്ദേഹം തീരുമാനമെടുക്കുന്നത്.
'ക്രിസ്തു ആരാണെന്ന് തിരിച്ചറിഞ്ഞതോടെ 2001-നവംബറില്‍ യാതൊരു സംശയവും കൂടാതെ ഞാന്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഭാര്യ ബന്ധം വേര്‍പെടുത്തി, ജോലി നഷ്ട്ടമായി. എന്നാല്‍ ക്രിസ്തുവുമായുള്ള എന്റെ വ്യക്തിപരമായ ബന്ധം വളരുകയായിരുന്നു' - ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അദ്ദേഹം ഇന്ന് സ്വന്തമായി സ്ഥാപിച്ച 'സിറ ഇന്റര്‍നാഷണല്‍' എന്ന ഗ്ലോബല്‍ മിനിസ്ട്രിയുടെ നേതാവാണ്.
യേശു ക്രിസ്തു ദൈവപുത്രനല്ലെന്നും കുരിശുമരണം വരിക്കുകയോ ഉത്ഥാനം ചെയ്യുകയോ സ്വര്‍ഗാരോഹണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു ഒരുകാലത്ത് താന്‍ വിചാരിച്ചിരുന്നതെന്ന് അല്‍ ഫാദി പറയുന്നു. യഹൂദരോടും ക്രൈസ്തവരോടും തനിക്ക് അങ്ങേയറ്റം വെറുപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്ലാം മതസ്ഥരെ ക്രിസ്തുവുമായി അടുപ്പിക്കുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ലളിതമായ സ്നേഹ പ്രവര്‍ത്തികളിലൂടെയാണ് താന്‍ യേശുവിനെ മനസിലാക്കിയതെന്നും മറ്റുള്ളവരെ ദൈവത്തോട് അടുപ്പിക്കാന്‍ ലളിതമായ തന്റെ സ്നേഹപ്രവര്‍ത്തികള്‍ ദൈവം ഉപയോഗിക്കട്ടെയെന്നും അല്‍ ഫാദി പറയുന്നു. അല്‍ ഫാദിയുടെ ജീവിതസാക്ഷ്യം അനുഭവിച്ചറിഞ്ഞ അനേകം പേര് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിട്ടുണ്ട്.
ക്രിസ്തുവിന്റെ സുവിശേഷം തെറ്റിദ്ധരിക്കപ്പെട്ട അനേകരില്‍ സത്യസന്ധമായി എത്തിക്കാന്‍ അദ്ദേഹം ആരംഭിച്ചതാണ് സിറ ഇന്റര്‍നാഷണല്‍. ഗവേഷകന് കൂടാതെ അല്‍-ഫാദി വിവിധ ക്രിസ്ത്യന്‍ മിനിസ്ട്രികള്‍ക്കു വേണ്ടി വിവര്‍ത്തകനായും എഴുത്തുകാരനായും പ്രവര്‍ത്തിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.