വിലക്ക് നീക്കി; ട്രംപിനെ ഇനി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കാണാം

വിലക്ക് നീക്കി; ട്രംപിനെ ഇനി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കാണാം

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തിരിച്ചെത്തും. രണ്ട് വര്‍ഷം മുന്‍പ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫേസ്ബുക്ക് മാതൃ സ്ഥാപനമായ മെറ്റ നീക്കി. വിലക്ക് നീക്കിയ കാര്യം മെറ്റ തന്നെയാണ് പുറത്തുവിട്ടത്.

വരും ആഴ്ചകളില്‍ ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും ട്രംപിനെ തിരിച്ചുകൊണ്ടുവരുന്നത് എന്നാണ് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്സിന്റെ പ്രസിഡന്റ് നിക് ക്ലെഗ് പറയുന്നത്. മെറ്റയുടെ നയങ്ങള്‍ ലംഘിച്ചാല്‍ ഒരു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിലക്ക് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു.എസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിന് രണ്ടു വര്‍ഷം മുമ്പാണ് ട്രംപിന് ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. അടുത്തിടെ തന്റെ ഫേസ്ബുക്കിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ട്രംപ് പ്രതികരിച്ചിരുന്നു. താന്‍ പോയതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മെറ്റയ്ക്കുണ്ടായി എന്നാണ് ട്രംപ് പറഞ്ഞത്.

എന്നാല്‍ ട്രംപ് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ട്രംപിന്റെ വക്താക്കളും തയ്യാറായിട്ടില്ല.

2021 ജനുവരി ആറിനാണ് യു.എസ് കാപിറ്റോള്‍ കലാപം നടന്നത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അനുകൂലികള്‍ കലാപമുണ്ടാക്കിയത്. കലാപം ട്രംപിന്റ പിന്തുണയോടെയാണ് നടന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിലെ വിലക്കിനെത്തുടര്‍ന്ന് ട്രൂത്ത് സോഷ്യല്‍ എന്ന സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലൂടെയായിരുന്നു ട്രംപ് വിവരങ്ങള്‍ പങ്കു വെച്ചിരുന്നത്. അഞ്ചു മില്യണില്‍ താഴെയായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ ഫോളോവേഴ്‌സ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.