റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ; വായ്‌പകളുടെ ഇഎംഐകള്‍ കൂടും

റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി ആര്‍ബിഐ; വായ്‌പകളുടെ ഇഎംഐകള്‍ കൂടും

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.5 ശതമാനമാക്കി. ഗവര്‍ണര്‍ ശക്തികാന്ത ദാസ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ ധനനയ പ്രസ്താവനയായിരുന്നു ഇത്.

2022 ഡിസംബറില്‍ റിപ്പോ നിരക്ക് 0.35 ശതമാനം ഉയര്‍ത്തിയിരുന്നു. റിവേഴ്സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. 3.35 ശതമാനത്തില്‍ തുടരും. ഇതോടെ ഭവന പായ്പകളുടെ പലിശ നിരക്ക് ഇനി ഉയരും.

പണപ്പെരുപ്പം രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനുമകത്ത് നിജപ്പെടുത്തുക എന്നതായിരുന്നു മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയപരമായ തീരുമാനം. കോവിഡ് കഴിഞ്ഞതോടെ റേറ്റ് ഓഫ് ഇന്ററസ്റ്റ് വര്‍ധിപ്പിക്കാതെ രണ്ട് വര്‍ഷക്കാലത്തോളം നാല് ശതമാനത്തില്‍ നിര്‍ത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ കണക്ക് 5.27 ശതമാനം എത്തിയിരുന്നു. ഇത് തിരികെ നാല് ശതമാനത്തില്‍ എത്തിക്കാനാണ് വായ്പകളുടെ പലിശ നിരക്ക് കൂട്ടിയിരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധ മേരി ജോര്‍ജ് പറഞ്ഞു.

പലിശ നിരക്ക് ഉയര്‍ന്നതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കും ഉയരും. ഇതോടെ പ്രതിമാസം നാം അടയ്ക്കുന്ന ഇഎംഐയും ഉയരും.

എന്താണ് റിപ്പോ നിരക്ക്

വായ്പാ ഡിമാന്റ് കൂടുമ്പോള്‍ കയ്യില്‍ പണം ഇല്ലെങ്കില്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് കടം കൊടുക്കും. അതിനുള്ള പലിശ നിരക്കാണ് റിപ്പോ. റിപ്പോ നിരക്ക് കൂടി എന്നാല്‍ അതിനര്‍ഥം സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുക്കാന്‍ റിസര്‍വ്വ് ബാങ്ക് ആഗ്രഹിക്കുന്നില്ലയെന്നാണ്.

റിവേഴ്സ് റിപ്പോ

വായ്പ നല്‍കാന്‍ അവസരമില്ലാതെ പണം ബാങ്കുകളുടെ കയ്യില്‍ കുമിഞ്ഞ് കൂടിയാല്‍ ആര്‍ബിഐ അത് നിക്ഷേപമായി സ്വീകരിക്കും. അതിന് ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.