തിരുവനന്തപുരം: ശമ്പള വിതരണം വീണ്ടും വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്കു സമരത്തിന്റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്ത സമരം നടത്തിയിരുന്നു. ശമ്പള വിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി മാനേജുമെന്‍റിലെ തെമ്മാടിക്കൂട്ടങ്ങളെ നിലക്കു നിർത്താൻ സർക്കാർ തയ്യാറാകണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് മന്ത്രിക്കും മാനജേുമെന്‍റിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി സംയുക്ത തൊഴിലാളി യൂണിയന്‍ ഇന്നലെ ചീഫ് ഓഫീസിനു മുന്നില്‍ സമരം തുടങ്ങി.
കെഎസ്ആർടിസിയില്‍ കെൽട്രോണ്‍ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ അന്വേഷണം വേണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകളുടെ നേതൃത്വം തൊഴിലാളികളോട് ഉത്തരവാദിത്വം കാണിക്കണമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം. നിലവിൽ സിഐടിയുവും ഐഎൻടിയുസിയും ചീഫ് ഓഫീസിനു മുന്നിൽ സമരം തുടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.