ഇറ്റലിയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം കാറിനു മുകളിലേക്ക് തകര്‍ന്നുവീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം; പൈലറ്റിന് അത്ഭുത രക്ഷപ്പെടല്‍: വീഡിയോ

ഇറ്റലിയില്‍ പരിശീലനത്തിനിടെ യുദ്ധവിമാനം കാറിനു മുകളിലേക്ക് തകര്‍ന്നുവീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം; പൈലറ്റിന് അത്ഭുത രക്ഷപ്പെടല്‍: വീഡിയോ

റോം: ഇറ്റലിയില്‍ വ്യോമാഭ്യാസ പരിശീലനത്തിനിടെ യുദ്ധവിമാനം കാറിനു മുകളിലേക്കു വീണ് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ഒമ്പതു വയസുള്ള സഹോദരനും ഗുരുതരമായ പരിക്കേറ്റു. അഞ്ചു വയസുകാരി ഉള്‍പ്പെടുന്ന കുടുംബം സഞ്ചരിച്ച കാറിനു മുകളിലേക്ക് യുദ്ധവിമാനം ഇടിച്ചുകയറുകയായിരുന്നു. താഴെയിടിച്ചശേഷം തീഗോളമായി വിമാനം കത്തിയമരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. ഇറ്റലിയിലെ ടൂറിനിലെ കാസല്ലെ എയര്‍പോര്‍ട്ടിന് സമീപമാണ് സംഭവം. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ടില്‍ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നു മാതാപിതാക്കളുടെ പരിക്ക് ഗുരുതരമല്ല.

ഞായറാഴ്ച ഇറ്റാലിയന്‍ വ്യോമ സേനയുടെ 100-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ വ്യോമഭ്യാസ പ്രകടനത്തില്‍ പങ്കെടുത്ത യുദ്ധ വിമാനങ്ങളിലൊന്നാണ് തകര്‍ന്നുവീണത്. അപകടത്തെതുടര്‍ന്ന് വ്യോമാഭ്യാസ പ്രകടനം റദ്ദാക്കി.

നിയന്ത്രണംവിട്ട വിമാനം വിമാനത്താവളത്തിന് സമീപം താഴ്ന്നു പറക്കുകയും ഇതിനിടയില്‍ പൈലറ്റ് ഇജക്ട് ചെയ്ത് പാരച്യൂട്ടില്‍ രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ താഴെയിടിച്ച വിമാനം തീഗോളമായി മാറുന്നതും ദൃശ്യങ്ങളിലുണ്ട്.

വിമാനത്താവളത്തിന്റെ അതിര്‍ത്തിക്ക് മതിലിന് സമാന്തരമായുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിലിടിച്ചശേഷം സമീപത്തെ കൃഷിയിടത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഇടിയുടെ ആഘാതത്തില്‍ കാറും തെറിച്ചുപോയി. കാറിലേക്കും തീപടര്‍ന്നു. പരിശീലന പറക്കലിനിടെ ആകാശത്തുവെച്ച് പക്ഷികൂട്ടങ്ങള്‍ ഇടിച്ചതിനെതുടര്‍ന്ന് എഞ്ചിന് കേടുപാടു സംഭവിച്ചതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗുയിഡോ ക്രോസെറ്റോ അനുശോചിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.