സംസ്ഥാനത്ത് ഇന്നും കനത്ത മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

 സംസ്ഥാനത്ത് ഇന്നും കനത്ത മഴ: അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഈ മാസം ആറുവരെ ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മലയോര മേഖലകളിലുള്ള ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമര്‍ദങ്ങളാണ് കാലവര്‍ഷത്തെ വീണ്ടും സജീവമാക്കിയത്. ഇന്നലെ എറണാകുളം സൗത്തില്‍ 13 സെന്റീമീറ്ററും ഹോസ്ദുര്‍ഗില്‍ 11 സെന്റീമീറ്ററും കൊയിലാണ്ടിയിലും പള്ളുരുത്തിയിലും 10 സെന്റീമീറ്റര്‍ വീതവും മഴപെയ്തു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം പറയുന്നു. ഇന്ന് തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

ശ്രീലങ്കന്‍ തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലും, പ്രദേശങ്ങളും അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.