ബീഹാറിൽ ട്രെയിൻ പാളം തെറ്റി; നാല് മരണം; നൂറിലധികം പേർക്ക് പരിക്ക്

ബീഹാറിൽ ട്രെയിൻ പാളം തെറ്റി; നാല് മരണം; നൂറിലധികം പേർക്ക് പരിക്ക്

പാട്‌ന: ബീഹാറിലെ ബക്‌സറിൽ നോർത്ത് ഈസ്റ്റ് സൂപ്പർഫാസ്റ്റ്‌ എക്‌സ്പ്രസിന്റെ 12 കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ നാല് പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രി 9.35ഓടെയാണ് സംഭവം.

ബക്‌സറിന് സമീപമുള്ള രഘുനാഥ്പൂർ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ പാളം തെറ്റിയതെന്ന് റെയിൽവേ അറിയിച്ചു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള പാസഞ്ചർ, ഗുഡ്‌സ് ട്രെയിനുകൾ വഴിതിരിച്ചു വിട്ടു തുടങ്ങി. പാളം തെറ്റിയ കോച്ചുകൾ ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇരുവശങ്ങളിലേക്കുമുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രണ്ട് ട്രാക്കുകളും പാളത്തിന് സമീപമുള്ള നിരവധി വൈദ്യുത തൂണുകളും സിഗ്‌നൽ പോസ്റ്റുകളും അപകടത്തിൽ തകർന്നിട്ടുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായും ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ചതായി കേന്ദ്രമന്ത്രി അശ്വിനി ചൗബെ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.