കടബാധ്യത: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കണ്ണൂരില്‍ കര്‍ഷകനായ വ്യാപാരി ജീവനൊടുക്കി

കടബാധ്യത: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; കണ്ണൂരില്‍ കര്‍ഷകനായ വ്യാപാരി ജീവനൊടുക്കി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ പയ്യാവൂര്‍ ചീത്തപ്പാറയില്‍ കര്‍ഷകനായ വ്യാപാരി ആത്മഹത്യ ചെയ്തു. മറ്റത്തില്‍ ജോസഫിനെയാണ് (തങ്കച്ചന്‍-57) വീടിനു സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

റബ്ബര്‍ കൃഷിയും പശുവളര്‍ത്തലും കോഴിവളര്‍ത്തലുമായിരുന്നു ജോസഫ് ചെയ്തിരുന്നത്. എന്നാല്‍ കൃഷി തകര്‍ച്ചയിലായതോടെ കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പയ്യാവൂര്‍ പഞ്ചായത്തിലെ ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും ജോസഫിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നു. ചിട്ടിക്കാരുടെ നിരന്തര ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കള്‍ അറിയിച്ചു.

കുട്ടനാട്ടില്‍ നെല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.
അതേസമയം കടക്കെണിയെ തുടര്‍ന്ന് രാജ്യത്ത് 2020, 21 വര്‍ഷങ്ങളിലായി 10,897 കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ കേരളത്തില്‍ 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനയായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ല്‍ 5,579 കര്‍ഷകരും 2021 ല്‍ 5,318 കര്‍ഷകരുമാണ് രാജ്യത്ത് ജീവനൊടുക്കിയത്. കേരളത്തില്‍ ഇത് യഥാക്രമം 57, 34 എന്നിങ്ങനെയാണ്. കേരളത്തില്‍ 91 കര്‍ഷകര്‍ക്കു പുറമേ 2020, 21 വര്‍ഷങ്ങളിലായി 611 കര്‍ഷകത്തൊഴിലാളികളും ആത്മഹത്യ ചെയ്തു. കാര്‍ഷിക മേഖലയിലും കാര്‍ഷികോല്‍പാദനത്തിലും രാജ്യത്ത് കേരളം 26-ാം സ്ഥാനത്താണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ പാരിസ്ഥിതിക നിലയുടെ കണക്കുകള്‍ വിവരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. 2021 ന് ശേഷമുള്ള കണക്കുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനം, ജലലഭ്യതക്കുറവ്, വിളകളിലെ രോഗബാധ, വരുമാനത്തകര്‍ച്ച തുടങ്ങിയവയാണ് കര്‍ഷകരുടെ ജീവിത പ്രതിസന്ധിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

2019 ല്‍ രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 21 ല്‍ ഇത് 19 സംസ്ഥാനങ്ങളിലാണ്. 2020, 21 വര്‍ഷങ്ങളില്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകളുടെ എണ്ണം വര്‍ധിച്ചു. മണിപ്പുര്‍, നാഗാലാന്‍ഡ്, ജമ്മു കശ്മീര്‍, ഗുജറാത്ത്, മിസോറം, മേഘാലയ, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ കുറവാണ്.

തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന കാര്‍ഷിക മേഖലയുടെ നേര്‍ച്ചിത്രമാണ് ഓരോ കര്‍ഷക ആത്മഹത്യയും. വിള നഷ്ടവും കടബാധ്യതകളുമൊക്കെഇതിന് കാരണമാണ്. ഇന്ത്യയില്‍ ദിവസവും ജീവനൊടുക്കേണ്ടി വരുന്ന കര്‍ഷകരുടെ എണ്ണം കേട്ടാല്‍ ഞെട്ടും. ആത്മഹത്യാ കാരണങ്ങളില്‍ വിള നഷ്ടവും കടബാധ്യതയും മാത്രമല്ല കര്‍ഷകരുടെ രോഗങ്ങളും ദുരിതങ്ങളും ഒക്കെയുള്‍പ്പെടുന്നുണ്ട്.

രാജ്യത്തെ കര്‍ഷകരുടെ ദുരിതങ്ങള്‍ കണക്കിലെടുത്ത് കാര്‍ഷിക മേഖലയെ ഒട്ടാകെ നവീകരിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി അടിയന്തര ശ്രദ്ധ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. കാര്‍ഷിക മേഖലയ്ക്കായി നിലവിലുള്ളവയ്ക്ക് പുറമേ പ്രത്യേക പാക്കേജുകളും പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.