ഓസ്‌ട്രേലിയയിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കെതിരേയുള്ള നിയമനിര്‍മാണം; ഗ്രീന്‍സ് പാര്‍ട്ടിക്കെതിരേ മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ്

ഓസ്‌ട്രേലിയയിലെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കെതിരേയുള്ള നിയമനിര്‍മാണം; ഗ്രീന്‍സ് പാര്‍ട്ടിക്കെതിരേ മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ്

ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലി, പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി, ജസീന്ത കോളിന്‍സ്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ക്രിസ്തീയ മൂല്യങ്ങളെയും സ്‌കൂളുകളെയും പ്രതികൂലമായി ബാധിക്കുന്ന ഫെഡറല്‍ സര്‍ക്കാരിന്റെ നിയമനിര്‍മ്മാണ നടപടികളില്‍ ആശങ്ക അറിയിച്ച് മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കോമെന്‍സോലിയും ദേശീയ കത്തോലിക്കാ വിദ്യാഭ്യാസ കമ്മിഷനും. എല്ലായ്‌പ്പോഴും ക്രൈസ്തവ വിശ്വാസത്തിനെതിരേ നിലകൊണ്ടിട്ടുള്ള ഗ്രീന്‍സ് പാര്‍ട്ടിയുമായി ചേര്‍ന്നുള്ള ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ നീക്കങ്ങളാണ് രാജ്യത്തെ കത്തോലിക്ക വിശ്വാസികളെ വിഷമവൃത്തത്തിലാക്കുന്നത്.

ക്രിസ്ത്യന്‍ മൂല്യങ്ങള്‍ക്ക് തെല്ലും വിലകല്‍പ്പിക്കാത്ത സ്വവര്‍ഗാനുരാഗികളായ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പിരിച്ചുവിടാനുള്ള ക്രിസ്ത്യന്‍ സ്‌കൂളുകളുടെ അവകാശമാണ് നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഇല്ലാതാകുന്നത്. ഇതോടൊപ്പം സ്വാഭാവിക ലൈംഗികതയെക്കുറിച്ച് ബൈബിള്‍ അധിഷ്ഠിതമായി പഠിപ്പിക്കാനുള്ള സ്‌കൂളുകളുടെ അവകാശങ്ങള്‍ക്കാണ് ഭീഷണി നേരിടുന്നത്.

ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെ നിയമ നിര്‍മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് അല്‍ബനീസി കഴിഞ്ഞ ദിവസം വ്യക്തമാക്കി. മതസ്വാതന്ത്ര്യത്തിനെതിരേ നിലകൊള്ളുന്ന ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണ പ്രധാനമന്ത്രി തേടുന്നത് അപകടകരമായ നീക്കമാണെന്ന് ആര്‍ച്ച് ബിഷപ്പ് കൊമെന്‍സോലി മുന്നറിയിപ്പ് നല്‍കി.

ഗ്രീന്‍സ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ട്. കത്തോലിക്ക വിശ്വാസത്തെയും പരമ്പരാഗതമായ മൂല്യങ്ങളെയും ഇല്ലാതാക്കാനാണ് അവരുടെ ശ്രമം - പിതാവ് പറഞ്ഞു. സ്‌കൂളുകളില്‍ ചാപ്ലിനെ നിയമിക്കാനുള്ള അവകാശം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. കത്തോലിക്കാ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള ധനസഹായം നിര്‍ത്താനുള്ള ശ്രമം പോലും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായി.

ഗ്രീന്‍സ് പാര്‍ട്ടിയുടെ പാരമ്പര്യമനുസരിച്ച് ക്രൈസ്തവര്‍ക്കും മതസ്വാതന്ത്ര്യത്തിനും അനുകൂലമായി ഒരു നീക്കം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ദേശീയ കാത്തലിക് എഡ്യൂക്കേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജസീന്ത കോളിന്‍സ് പറഞ്ഞു,

'ഗ്രീന്‍സ് ആശയപരമായി ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് എതിരാണെങ്കില്‍, ന്യായമായ അവകാശ സംരക്ഷണം നമുക്ക് എങ്ങനെ പ്രതീക്ഷിക്കാനാകും? ജസീന്ത കോളിന്‍സ് ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.