ന്യൂഡല്‍ഹി: ഇന്ത്യ ശക്തമായ ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് ആരില്‍ നിന്നും പാഠങ്ങള്‍ ആവശ്യമില്ലെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ ജര്‍മ്മനിയും യുഎസും ഐക്യരാഷ്ട്രസഭയും പരാമര്‍ശം നടത്തിയതിന് പിന്നാലെയായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം.
ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു ജനാധിപത്യ രാജ്യമാണ്. ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നിയമത്തിന് മുന്നിലെ സമത്വമാണ് ഇന്ത്യയുടെ മാനദണ്ഡം. ആരും നിയമത്തിന് അതീതരല്ലെന്നും ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. കെജരിവാളിന്റെ അറസ്റ്റില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ട. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ സാഹചര്യത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്ത്യയില്‍ പൗരന്മാര്‍ക്ക് കഴിയണമെന്നുമായിരുന്നു ഇന്നലെ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവാണ് ഔദ്യോഗിക പ്രതികരണം പരസ്യമായി അറിയിച്ചത്.
ജര്‍മ്മനിയും അമേരിക്കയും നടത്തിയ പ്രതികരണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചതിന് പിന്നാലെയായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.