കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; ആശ്വാസമായി ഇന്ന് മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

കേരളം ചുട്ടുപൊള്ളുന്നു: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; ആശ്വാസമായി ഇന്ന് മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ചൂട് ഉയരുന്ന അതേ സാഹചര്യത്തില്‍ തന്നെ മഴ മുന്നറിയിപ്പും കടല്‍ക്ഷോഭ സാധ്യതകളും പ്രവചിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ കാസര്‍ഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് മഴ പെയ്യുമെന്ന മുന്നറിയിപ്പ് നേരത്തെ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇത് ചൂട് അല്‍പമെങ്കിലും കുറയാന്‍ കാരണണമാകുമെന്ന പ്രതീക്ഷയും ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ പാലക്കാട് ചൂട് കൂടിയ സാഹചര്യത്തില്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജില്ലയിലെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ പ്രൊഫഷണല്‍ കോളജുകള്‍ക്കും ജില്ലാ കളക്ടര്‍ മെയ് രണ്ട് വരെ അവധി പ്രഖ്യാപിച്ചു.

ഇവയ്‌ക്കൊപ്പം തന്നെ തീരദേശത്തുള്ളവര്‍ക്ക് കടല്‍ക്ഷോഭ മുന്നറിയിപ്പും കാലാവസ്ഥാ കേന്ദ്രം നല്‍കുന്നു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.6 മീറ്റര്‍ വരെയും വടക്കന്‍ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.