കാനഡയില്‍ ചാലക്കുടി സ്വദേശിയായ യുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ പൊലീസ് തിരയുന്നു

കാനഡയില്‍ ചാലക്കുടി സ്വദേശിയായ യുവതി വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ പൊലീസ് തിരയുന്നു

ഒട്ടാവ: കാനഡയിലെ ഓഷവയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചാലക്കുടി സ്വദേശി ഡോണയാണു (30) മരിച്ചത്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വീട്ടുകാരും ബന്ധുക്കളും. ഡോണയുടെ ഭര്‍ത്താവായ യുവാവിനെ തേടി ദുര്‍ഹം റീജന്‍ പൊലീസിന്റെ അറിയിപ്പ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവരം നല്‍കുന്നവര്‍ക്ക് 2,000 ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനകളില്ല.

കിങ് സ്ട്രീറ്റ് വെസ്റ്റിനും പാര്‍ക്ക് റോഡ് നോര്‍ത്തിനും സമീപമുള്ള റീഡോ സ്ട്രീറ്റിലെ സഗുനെയ് അവന്യൂവിന് സമീപമുള്ള വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംശയാസ്പദ നിലയില്‍ വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി വാതില്‍ തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ്‌ 31 വയസുള്ള ലാല്‍ പൗലോസ് കണ്ണംപുഴയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങിയത്. അഞ്ചടി എട്ടോളം ഇഞ്ച് ഉയരവും ഇടത്തരം ശരീരപ്രകൃതിയുമുള്ള ലാല്‍ നീല ഫോര്‍ഡ് എസ്‌കേപ്പിലാണ് സഞ്ചരിക്കുന്നതെന്നും അറിയിപ്പില്‍ പറയുന്നു.

പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ കാനഡയിലുള്ള മലയാളികളും യഥാര്‍ഥ സംഭവത്തെക്കുറിച്ച് അറിയാനുള്ള ശ്രമങ്ങളിലാണ്. മലയാളി കൂട്ടായ്മകളിലും സാമൂഹിക മാധ്യമങ്ങളിലൊന്നും സജീവമല്ലായിരുന്നു ഇരുവരുമെന്നാണ് അറിയാനാകുന്നത്. ലാല്‍ വിദ്യാര്‍ഥിയായാണ് ആദ്യം ഇവിടെയെത്തിയതെന്നും ഡോണയുടെ ബന്ധുക്കള്‍ ഇവിടെയുണ്ടെന്നും ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹമെന്നുമാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.