കണ്ണൂർ: ജീവനക്കാരുടെ സമരം തീർന്നിട്ടും എയർ ഇന്ത്യ സർവീസുകൾ ഇന്നും റദ്ദാക്കി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തില്ല. 5.15ന് പുറപ്പെടേണ്ട ദമാം, 9.30ന് പുറപ്പെടേണ്ട അബുദാബി സർവീസുകളാണ് റദ്ദാക്കിയത്. ഇതോടെ ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ദുരിതത്തിലായി.
കണ്ണൂരിൽ ഇന്നലെ നാല് സർവീസുകളാണ് റദ്ദാക്കിയത്. ഷാർജ, അബുദാബി, ദമാം, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇതേതുടർന്ന് ഇന്നലെ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രണ്ട് സർവീസുകൾ കൂടി റദ്ദാക്കിയത്.
ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയർ ഇന്ത്യയിൽ സർവീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിൻ ക്രൂ ജീവനക്കാർ സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര -അന്താരാഷ്ട്ര സർവീസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇതുമൂലം റദ്ദാക്കിയത്. അപ്രതീക്ഷിതമായി സർവീസുകൾ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
ഫ്ളൈറ്റ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു. തുടർന്ന് ജീവനക്കാർക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിച്ച് സമരം പിൻവലിച്ചതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. എങ്കിലും ഈ പ്രഖ്യാപനത്തിനുശേഷം ഇന്നലെയും ഇന്നും സർവീസുകൾ മുടങ്ങിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.