തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ രാവിലെ തന്നെ മഴ തുടങ്ങി. മധ്യകേരളത്തില്‍ ഇന്ന് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കും മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കളമശേരിയില്‍ പത്ത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി. ഓറഞ്ച് അലര്‍ട്ടുള്ള കോട്ടയത്ത് 11 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. മണിമലയാറ്റിലെയും മീനച്ചിലാറ്റിലെയും ജലനിരപ്പ് ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.
കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതല്‍ രാത്രി 11.30 വരെ 3.0 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്‍ഡില്‍ 55 സെന്റിമീറ്ററിനും 70 സെന്റിമീറ്ററിനും ഇടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ കേരളതീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിട്ടുണ്ട്. അതേസമയം കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.