വീണ്ടും ചക്രവാതച്ചുഴി; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

വീണ്ടും ചക്രവാതച്ചുഴി; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.

ജൂണ്‍ രണ്ട് വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലയെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.4 മുതല്‍ 2.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് മുതല്‍ ജൂണ്‍ രണ്ട് വരെ തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.