സീന്യൂസ് ലൈവ് വെബ്ബിനാര്‍ ഓഗസ്റ്റ് 17-ന് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും

സീന്യൂസ് ലൈവ് വെബ്ബിനാര്‍ ഓഗസ്റ്റ് 17-ന് മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും

പെര്‍ത്ത്: സമൂഹ മാധ്യമങ്ങള്‍ സമൂഹത്തിനു മേല്‍ ആധിപത്യം നേടുന്ന ഈ കാലഘട്ടത്തില്‍ സാങ്കേതിക വിദ്യയെ വിവേചനാപൂര്‍വം ഉപയോഗിക്കാനും വിശ്വാസ സംരക്ഷണത്തിന് ഉതകും വിധം അവയെ ഉപയോഗപ്പെടുത്താനും യഥാര്‍ത്ഥ അവബോധം അനിവാര്യമാണ്. ഈ വിഷയത്തില്‍ ശരിയായ ദിശാബോധം നല്‍കുന്നതിനായി സീന്യൂസ് ലൈവ് ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 17-ന് വെബ്ബിനാര്‍ സംഘടിപ്പിക്കുന്നു.

'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം' എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ലക്ഷ്യം ആധുനിക ഡിജിറ്റല്‍ ലോകത്ത് ക്രിസ്തീയ മൂല്യങ്ങളും ധാര്‍മികതയും സംരക്ഷിക്കാന്‍ മാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ്.


മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തിലാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത്. മെല്‍ബണ്‍ സമയം വൈകിട്ട് എട്ടിനും പെര്‍ത്തില്‍ വൈകിട്ട് ആറിനും ന്യൂസിലന്‍ഡില്‍ രാത്രി പത്തിനും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നുമാണ് വെബ്ബിനാര്‍.

സൂമിലൂടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ സീ ന്യൂസ് ലൈവ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ലിസി കെ ഫെര്‍ണാണ്ടസ്, അഡൈ്വസറി എഡിറ്റര്‍ പ്രകാശ് ജോസഫ് എന്നിവര്‍ ക്ലാസുകളെടുക്കും.

ഓണ്‍ലൈനിലൂടെ കുട്ടികള്‍ തീവ്ര ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്റെ അനന്തര ഫലങ്ങള്‍ ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുഭവിക്കുകയാണ്. സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ കത്തി ആക്രമണം, സിഡ്‌നിയില്‍ തന്നെ ക്രിസ്ത്യന്‍ പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ ബിഷപ്പിനു നേരെയുണ്ടായ വധശ്രമം തുടങ്ങിയ അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഈ ആക്രമണങ്ങള്‍ക്ക് പ്രേരകമാകുന്നത് ഓണ്‍ലൈനിലൂടെ ലഭിക്കുന്ന തീവ്ര ആശയങ്ങളാണ്. സമൂഹത്തിന് ഭീഷണിയാകുന്ന ഇത്തരം ആശയങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാന്‍ ശരിയായ മാധ്യമ അവബോധത്തിന് സാധിക്കും.

സമൂഹ മാധ്യമങ്ങളിലൂടെ ഒരു വ്യാജ വാര്‍ത്ത പുറത്തെത്തുമ്പോള്‍ അത് പ്രചരിക്കുന്നത് കണ്ണടച്ചു തുറക്കുന്നതിനേക്കാള്‍ വേഗത്തിലാണ്. നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ ഇരട്ടിയിലധികം മടങ്ങ് കൂടുതല്‍ മോശപ്പെട്ട കാര്യങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന സത്യം നമുക്കു മുന്നിലുള്ളപ്പോഴാണ് ഈ സെമിനാര്‍ പ്രസക്തമാകുന്നത്.

സമൂഹ മാധ്യമങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും ക്രിസ്തീയ വീക്ഷണത്തിലൂടെ കാണാനും അവ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനും യഥാര്‍ത്ഥ മാധ്യമ അവബോധം അനിവാര്യമാണ്. മാധ്യമങ്ങളില്‍ വരുന്ന നല്ല കാര്യങ്ങളെ ഉള്‍ക്കൊള്ളാനും അല്ലാത്തവയെ തള്ളിക്കളയാനുമുള്ള ദിശാബോധം ഈ സെമിനാറിലൂടെ പകരാനാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സീ ന്യൂസ് ലൈവ് എന്ന വാര്‍ത്താ പോര്‍ട്ടല്‍ ആരംഭിച്ചതിന്റെ ലക്ഷ്യവും ഇതാണ്.

റേറ്റിങ്ങിനു വേണ്ടി മത്സരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണത്തോടെ വാര്‍ത്തകള്‍ നല്‍കാനാണ് സീന്യൂസ് എന്നും ശ്രമിച്ചിട്ടുള്ളത്. സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ രജിസ്‌ട്രേഷന്‍ ഷീറ്റ് പൂരിപ്പിക്കണം. സെമിനാറിന്റെ സൂം ലിങ്ക് വൈകാതെ അറിയിക്കും.

https://forms.gle/Xhp6m7t9MBviwaHDA


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.