ബ്രാംപ്‌ടൺ: കാനഡയിൽ ഹൈന്ദവ ക്ഷേത്ര പരിസരത്ത് ആക്രമണം. ബ്രാംപ്‌ടണിലെ ഹിന്ദു സഭാ മന്ദിറിന്റെ പരിസരത്താണ് ഖാലിസ്ഥാൻ കൊടികളുമായി എത്തിയ ആളുകൾ ആക്രമണം നടത്തിയത്. ഹിന്ദു സഭാ മന്ദിറിൽ ദർശനത്തിനെത്തിയവർക്ക് നേരെ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി വടിയുപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ശക്തമായി അപലപിച്ചു. അക്രമം അംഗീകരിക്കാനാവില്ലെന്ന് ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാൻ വാദികളുടെ ആക്രമണത്തെ കനേഡിയൻ പാർലമെന്റംഗം ചന്ദ്ര ആര്യയും അപലപിച്ചു. 'കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ അതിരുകടന്നു. ബ്രാംപ്‌ടണിലെ ഹിന്ദു സഭാ മന്ദിർ പരിസരത്തിൽ ഹിന്ദു കനേഡിയൻ ഭക്തരുടെ നേരെ ഖാലിസ്ഥാൻ നടത്തിയ കടന്നാക്രമണം രാജ്യത്ത് എത്രത്തോളം ആഴത്തിൽ ഖാലിസ്ഥാൻ തീവ്രവാദം വ്യാപിച്ചെന്ന് കാണിക്കുന്നു.'- ചന്ദ്ര ആര്യ എക്‌സിൽ കുറിച്ചു.
രാഷ്‌ട്രീയത്തിന് പിറകെ നിയമനിർവഹണ സംവിധാനത്തിലും ഖാലിസ്ഥാനികൾ നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി ചന്ദ്ര ആര്യ ആശങ്ക പ്രകടിപ്പിച്ചു. കാനഡയിൽ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമത്തിന്റെ പേരിൽ ഖാലിസ്ഥാനികൾക്ക് കടന്നുവരാൻ സൗജന്യ പാസ് ലഭിക്കുന്നതിൽ അതിശയമില്ലെന്നും കനേഡിയൻ ഹിന്ദു വിഭാഗക്കാർ അവരുടെ അവകാശങ്ങളെ ഉറപ്പാക്കാനും സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് രാഷ്‌ട്രീയക്കാർ ഉത്തരവാദിത്വത്തോടെ പെരുമാറാൻ ഇടയാകണമെന്നും അദേഹം പറഞ്ഞു.
കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറെ പൊളിയെവെറെയും ക്ഷേത്ര പരിസരത്തെ ആക്രമണത്തിൽ അപലപിച്ചു. എല്ലാ കാനഡക്കാർക്കും അവരുടെ മതാചാരം പാലിക്കാൻ സാധിക്കണമെന്ന് അദേഹം പറഞ്ഞു. ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര പോരാട്ടവും ആരോപണങ്ങളും കാരണം സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കാനഡയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.