പാലായില്‍ മാണി സി. കാപ്പന്റെ വിജയം അസാധുവാക്കണം; ഹര്‍ജി തള്ളി ഹൈക്കോടതി

 പാലായില്‍ മാണി സി. കാപ്പന്റെ വിജയം അസാധുവാക്കണം; ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: പാലാ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്റെ വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.വി ജോണ്‍ ആണ് മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം ചെലവാക്കി, സ്ഥാനാര്‍ത്ഥിത്വത്തിന് ആവശ്യമായ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാക്കിയില്ല തുടങ്ങിയ ആരോപണങ്ങളാണ് മാണി സി. കാപ്പനെതിരെ ഹര്‍ജിയില്‍ സി.വി ജോണ്‍ ഉന്നയിച്ചിരിക്കുന്നത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. എന്നാല്‍ ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി. ജയചന്ദ്രന്‍ ഹര്‍ജി തള്ളിയത്. അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി. കാപ്പന്‍ പ്രതികരിച്ചു.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മാണി സി. കാപ്പന്‍ 15,378 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്‍ 69,804 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി (കേരള കോണ്‍ഗ്രസ്-എം) ജോസ് കെ. മാണി 54,426 വോട്ടുകളും നേടിയിരുന്നു. ഹര്‍ജിക്കാരനായ സി.വി ജോണിന് 249 വോട്ടുകളാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.