'പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു'; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

'പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു'; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും പൊലീസിനുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പൂരം അലങ്കോലമായതിന്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൂരം അലങ്കോലമായെന്നും താന്‍ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരും വര്‍ഷങ്ങളില്‍ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. പൊലീസിന്റെ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.