പ്രാര്‍ഥന ഫലിച്ചു! മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

പ്രാര്‍ഥന ഫലിച്ചു! മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെ കുട്ടമ്പുഴ വനത്തിനകത്ത് ആറ് കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരാണെന്നും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലേക്ക് കയറിപ്പോയതിനെ തുടര്‍ന്ന് മായയുടെ പശുവിനെ ബുധനാഴ്ചയാണ് കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് ഓടെ മൂന്ന് സ്ത്രീകളെയും വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുകയായിരുന്നു. കാണാതായ മായയുമായി നാല് മണിയോടെ ഭര്‍ത്താവ് ഫോണില്‍ സംസാരിച്ചിരുന്നു.

വഴിതെറ്റി ആനക്കൂട്ടത്തിന്റെ ഇടയില്‍പ്പെട്ടോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. പൊലീസും അഗ്നി രക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. നാല് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളിയായതോടെ തിരച്ചിലിന് പോയ രണ്ട് സംഘം മടങ്ങിയെത്തുകയായിരുന്നു. കാട്ടില്‍ തുടര്‍ന്ന രണ്ട് സംഘമാണ് ഇന്ന് രാവിലെ മൂവരെയും കണ്ടെത്തിയത്.

അതേസമയം വഴിതെറ്റിയ സമയത്ത് ആന ഓടിച്ചതായി രക്ഷപ്പെട്ട സ്ത്രീകള്‍ വെളിപ്പെടുത്തി. പേടിച്ച് ഓടി പാറപ്പുറത്ത് കയറി. ചുറ്റിലും നിന്ന് ആന ബഹളം ഉണ്ടാക്കി. രാത്രി മുഴുവന്‍ അനങ്ങാതെ ഇരുന്നതായി ഡാര്‍ളി സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു. പശുവിനെ തിരഞ്ഞ് പോയപ്പോള്‍ ചെക്ക് ഡാം വരെ നിശ്ചയമുണ്ടായിരുന്നു. തുടര്‍ന്നാണ് വഴിതെറ്റിയതെന്ന് പാറുക്കുട്ടി പറഞ്ഞു. മുന്നോട്ട് പോകേണ്ട തങ്ങള്‍ പിന്നോട്ട് പോയി. അങ്ങനെയാണ് വഴിതെറ്റിയത്. ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ല. പ്രാര്‍ഥിക്കുകയായിരുന്നു.

പുരയുടെ അത്രയും വലിപ്പമുള്ള പാറയുടെ മുകളില്‍ കയറിയാണ് ഇരുന്നത്. ആനയ്ക്ക് പിടിക്കാന്‍ കഴിയുന്നതിലും അകലെയായിരുന്നു. ആന പിടിക്കാന്‍ വന്നാല്‍ മാറാനുള്ള സൗകര്യം പാറയുടെ മുകളില്‍ ഉണ്ടായിരുന്നു. അടുത്ത് ആളിരുന്നാലും കാണാന്‍ കഴിയാത്ത അത്രയും കൂരിരിട്ടായിരുന്നു. അടുത്ത് ആളുണ്ടോ എന്ന് തപ്പി നോക്കേണ്ട അവസ്ഥയായിരുന്നു. രാത്രി രണ്ടുമണി വരെ ചുറ്റിലും ആന ഉണ്ടായിരുന്നു. വഴിതെറ്റി നടന്നുപോകുന്നതിനിടെ ആന ഓടിച്ചിട്ടു. ഒരു മരത്തിന്റെ പിന്നില്‍ ഞങ്ങള്‍ മൂന്നുപേരും മറഞ്ഞിരുന്നു. മിണ്ടരുതെന്ന് പറഞ്ഞു. ആ സമയത്ത് ഭയന്നുപോയെന്ന് പാറുക്കുട്ടി പറയുന്നു.

രാത്രിയില്‍ വനത്തില്‍ ഉച്ചത്തില്‍ പേര് വിളിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ മൂവരും തങ്ങള്‍ വിളിക്കുന്നത് കേട്ടിരുന്നുവെന്ന് ദൗത്യ സംഘം പറഞ്ഞു. എന്നാല്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ട് മൂവരും തിരിച്ച് മറുപടി പറയാതെ മിണ്ടാതിരുന്നു. നായാട്ട് സംഘമായിരിക്കുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. നാല് മണിക്കൂര്‍ നേരമാണ് കാട്ടില്‍ അടുത്തടുത്തായി ഉണ്ടായിരുന്നതെന്നും ദൗത്യസംഘം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.