സില്‍വര്‍ലൈന്‍: നിര്‍ണായക യോഗം ഇന്ന്; ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും

 സില്‍വര്‍ലൈന്‍: നിര്‍ണായക യോഗം ഇന്ന്; ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. പദ്ധതിയില്‍ ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ യോഗത്തില്‍ വ്യക്തത വരുത്തും. റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കെ റെയില്‍ പ്രതിനിധികളും സംബന്ധിക്കുന്ന യോഗത്തില്‍ ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും.

നിലവിലെ പദ്ധതി രേഖയിലെ അടിസ്ഥാന കാര്യങ്ങളില്‍ മാറ്റമുണ്ടാകുമോയെന്ന് ഇന്ന് വ്യക്തമാകും. വീതി കുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് ഗേജിന് പകരം സില്‍വര്‍ ലൈനിന്റെ ട്രാക്ക് റെയില്‍വേ ഉപയോഗിക്കുന്നത് പോലുള്ള ബ്രോഡ്ഗേജാക്കണമെന്നും വന്ദേഭാരതും ഗുഡ്സ് ട്രെയിനുകളും ഇതിലൂടെ ഓടിക്കണമെന്നുമാണ് റെയില്‍വേയുടെ പ്രധാന നിര്‍ദേശം.

വെള്ളക്കെട്ട് അടക്കം പരിസ്ഥിതി പ്രശ്നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം. പുതിയ വേഗ ട്രാക്കുകളുണ്ടാക്കാനുള്ള ദേശീയ നയം പാലിച്ചായിരിക്കണം പദ്ധതിരേഖ പുതുക്കേണ്ടത്. പരിഹരിക്കേണ്ട പിഴവുകളും പരിഹാര നിര്‍ദേശങ്ങളും റെയില്‍വേ, കെ റെയിലിന് കൈമാറിയിട്ടുണ്ട്. ഇതിന്മേല്‍ വിശദമായ ചര്‍ച്ച നടക്കും.

സില്‍വര്‍ ലൈനില്‍ റെയില്‍വേയുടെ നയം അറിയണമെന്ന് കെ റെയില്‍ ആവശ്യപ്പെട്ടേക്കും. നയപരമായി അംഗീകരിച്ചാല്‍ മാത്രം ഡിപിആര്‍ പരിഷ്‌കരണമെന്നാണ് കെ റെയില്‍ അധികൃതരുടെ നിലപാട്. സില്‍വര്‍ ലൈനിന്റെ കാര്യത്തില്‍ മൂന്നുവട്ടം ദക്ഷിണ റെയില്‍വേയുമായി കെ റെയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സാങ്കേതിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.