തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന നൃത്ത ശില്പത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
ഉരുള്‍പൊട്ടല്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ സംഘനൃത്തവും ഒപ്പനയും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദിയിലെത്തും.
കലോത്സവം വന്‍ വിജയമാക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തില്‍ അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. മാന്വല്‍ അനുസരിച്ച് മാത്രമാണ് കലോത്സവം സംഘടിപ്പിക്കപ്പെടുക. വിദ്യാര്‍ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളും കലോത്സവത്തിന്റെ അന്തസ് ഉള്‍ക്കൊണ്ട് പെരുമാറണമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. 15000ത്തിലധികം വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. പ്രധാന വേദിയായി സെന്‍ട്രല്‍ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. 30 ഗ്രീന്‍ റൂം, 40 ഓളം ശുചിമുറികള്‍, ഫില്‍റ്റര്‍ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. എട്ട് വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്കൂള്‍ കലോത്സവം നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.