ബോബി ചെമ്മണൂരിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍; മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചു: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ബോബി ചെമ്മണൂരിന്  ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍; മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചു: രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണൂരിനെ ജയിലില്‍ മൂന്ന് വിഐപികള്‍ സന്ദര്‍ശിച്ചതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെയാണ് ഇവര്‍ ബോബി ചെമ്മണൂരിനെ സന്ദര്‍ശിച്ചതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയില്‍ നിയമം മറികടന്ന്, സന്ദര്‍ശക രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ബോബി ചെമ്മണൂരിനെ സന്ദര്‍ശിക്കാന്‍ സഹായിച്ചത് ജയിലിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബോബി ചെമ്മണൂരിനെ ജയിലില്‍ സന്ദര്‍ശിച്ച വിഐപികള്‍ ആരെന്നത് വ്യക്തമായിട്ടില്ല.

ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാര്‍ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിലെത്തി സന്ദര്‍ശക പട്ടികയില്‍ പേര് ചേര്‍ക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബി ചെമ്മണൂരിന് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ ജയില്‍ വകുപ്പ് അടുത്ത ദിവസം തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ വയനാട്ടില്‍ നിന്നാണ് ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബോബി കാക്കനാട് ജില്ലാ ജയിലിലാണ്. ഹൈക്കോടതി ഇന്ന് അദേഹത്തിന് ജാമ്യം അനുവദിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.