ടെല്‍ അവീവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8:30 മുതലാകും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണി) സമാധാന കരാര്‍ പ്രാബല്യത്തില്‍ വരിക. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഇസ്രയേല്‍ മന്ത്രിസഭ അംഗീകരിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ താല്‍കാലികം മാത്രമാണെന്നും ഹമാസ് ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചത്. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇതുവരെ നല്‍കിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പ്.
യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണ തനിക്കുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
കരാര്‍ പ്രകാരം ബന്ദികളാക്കപ്പെട്ട 33 ഇസ്രയേല്‍ പൗരന്മാരെ ഹമാസ് മോചിപ്പിക്കുമ്പോള്‍ വിവിധ ജയിലുകളിലായി തടവിലാക്കപ്പെട്ട 2000 പാലസ്തീന്‍ പൗരന്മാരെയാകും ഇസ്രയേല്‍ മോചിപ്പിക്കുക. ആറാഴ്ച നീണ്ട് നില്‍ക്കുന്നതാണ് ഒന്നാം ഘട്ടം. മോചിപ്പിക്കുന്ന 33 പേരുടെ പേര് വിവരങ്ങള്‍ മോചനത്തിന് 24 മണിക്കൂര്‍ മുന്‍പ് നല്‍കേണ്ടതാണെന്നും എന്നാല്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് അതുണ്ടായില്ല. ഇത്തരം കരാര്‍ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും അദേഹം എക്‌സിലൂടെ വ്യക്തമാക്കി.
42 ദിവസത്തേക്കാണ് വെടി നിര്‍ത്തല്‍ കരാര്‍. ഹമാസ് ബന്ദികളാക്കിയ 33 പേരില്‍ ആദ്യ മൂന്ന് പേരെയാണ് ഇന്ന് മോചിപ്പിക്കുന്നത്. ഇവര്‍ 30 വയസില്‍ താഴെയുള്ള ഇസ്രയേല്‍ വനിതാ സൈനികരാണെന്ന വിവരങ്ങളുണ്ട്. ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 പാലസ്തീന്‍ തടവുകാരുടെ വിശാദാംശങ്ങള്‍ ഇസ്രയേല്‍ നീതിന്യായ വകുപ്പ് പുറത്തു വിട്ടിരുന്നു. ഇതില്‍ 95 പേരെയാണ് ആദ്യ ഘട്ടത്തില്‍ ഇസ്രയേല്‍ മോചിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.