നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; എം. സ്വരാജ് സിപിഎം സ്ഥാനാർഥി

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; എം. സ്വരാജ് സിപിഎം സ്ഥാനാർഥി

മലപ്പുറം: നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പാർട്ടി ചിഹ്നത്തിൽ തന്നെയായിരിക്കും സ്വരാജ് മത്സരിക്കുക.

മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെയും അഭിപ്രായം കൂടി പരിഗണിച്ച് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. നിലമ്പൂർ സ്വദേശി കൂടിയായ സ്വരാജിനെ പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കണമെന്ന താൽപര്യം മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ, നിലമ്പൂർ മുൻസിപ്പാലിറ്റി ചെയർമാൻ മാട്ടുമ്മൽ സലീം, എസ്എഫ്ഐ ദേശീയ പ്രസിഡൻറ് വി.പി സാനു എന്നിവരുടെ പേരുകളായിരുന്നു പാർട്ടിയുടെ സജീവ പരിഗണനയിലുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയെങ്കില്‍ നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷിനാസ് ബാബുവിനെ മത്സരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണ പരിപാടികളും എൽഡിഎഫ് പ്ലാൻ ചെയ്തിട്ടുണ്ട്. ജൂൺ ഒന്നിന് വൈകുന്നേരമാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.