ശബരിമല സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍: സഭാ കവാടത്തില്‍ പ്രതിപക്ഷ സത്യാഗ്രഹം

ശബരിമല സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍: സഭാ കവാടത്തില്‍ പ്രതിപക്ഷ സത്യാഗ്രഹം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് വിഷയം ഉന്നയിച്ച് നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ സത്യാഗ്രഹം. എംഎല്‍എമാരായ സി.ആര്‍ മഹേഷും നജീബ് കാന്തപുരവുമാണ് സഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നത്. ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ചോദ്യോത്തര വേളയില്‍ ചോദ്യം ചോദിക്കാനായി സ്പീക്കര്‍ ക്ഷണിച്ചതിന് പിന്നാലെ തങ്ങള്‍ ശബരിമല സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷം അറിയിക്കുകയായിരുന്നു. എസ്‌ഐടി അന്വേഷണത്തില്‍ മുഖ്യമന്ത്രി ഓഫീസിലെ ഇടപെടലിനെതിരായാണ് പ്രതിഷേധമെന്നും സി.ആര്‍ മഹേഷും നജീബ് കാന്തപുരവും സഭാ കവാടത്തില്‍ ഇന്ന് മുതല്‍ സത്യാഗ്രഹം തുടങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് സഭയില്‍ അറിയിച്ചു.

അതേസമയം പ്രതിപക്ഷം സഭയില്‍ സഹകരിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച അന്വേഷണം ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടക്കുന്നതെന്നും പ്രതിപക്ഷം ഇപ്പോള്‍ നടത്തുന്ന സമരം ഹൈക്കോടതിക്കെതിരായ സമരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പയ്യന്നൂരിലുണ്ടായ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.