സിഡ്‌നി: 2026 ലെ ഓസ്‌ട്രേലിയ ഡേ പുരസ്‌കാരങ്ങളിൽ കത്തോലിക്ക സഭാ വിശ്വാസികൾക്ക് മികച്ച നേട്ടം. വയോജന സംരക്ഷണം, ആരോഗ്യം, നാവിക ക്ഷേമം, സാമൂഹിക സേവനം തുടങ്ങി വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച പ്രമുഖരെയാണ് രാജ്യം പരമോന്നത ബഹുമതികൾ നൽകി ആദരിച്ചത്.
ന്യൂ സൗത്ത് വെയിൽസിലെ ആദ്യ വനിതാ പ്രീമിയറും മുൻ സെനറ്ററുമായിരുന്ന ക്രിസ്റ്റീന കെനീലിക്ക് 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ' ബഹുമതി ലഭിച്ചു. പാർലമെന്ററി സേവനത്തിനുള്ള ഈ അംഗീകാരത്തിൽ നന്ദി നിറഞ്ഞ ഹൃദയത്തോടെയാണ് താൻ നിൽക്കുന്നതെന്ന് അവർ പ്രതികരിച്ചു. ഹൃദ്രോഗ ചികിത്സാ രംഗത്തെയും ഗവേഷണത്തെയും മികച്ച സംഭാവനകൾക്ക് ഡോ. ആൻഡ്രൂ സിൻഡോണിനെയും 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ' നൽകി ആദരിച്ചു.
നാവികരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന 'സ്റ്റെല്ല മാരിസ്' സംഘടനയിലെ സേവനത്തിന് മൈക്കൽ കെല്ലിക്കും 1977 മുതൽ ഓർഡർ ഓഫ് മാൾട്ടയിലെയും റോട്ടറി ക്ലബ്ബിലെയും പ്രവർത്തനങ്ങൾക്ക് റോബർട്ട് കിർബിക്കും അംഗീകാരം ലഭിച്ചു. വയോജന ക്ഷേമ പ്രവർത്തനങ്ങൾക്ക് നിക്കോളാസ് മെർസിയാഡസിനും സാമൂഹ്യ സേവനങ്ങൾക്ക് ആന്റണി കീറ്റിംഗിനും മെഡൽ ഓഫ് ഓസ്‌ട്രേലിയ ലഭിച്ചു.
റോമിലെ ഡോമസ് ഓസ്‌ട്രേലിയ ഗസ്റ്റ് ഹൗസിലും ഓസ്‌ട്രേലിയ ഡേ ആഘോഷങ്ങൾ നടന്നു. സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ രാജ്യത്തിനായി പ്രത്യേക പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.