ന്യൂയോർക്ക്: കായിക മികവും ആത്മീയതയും കൈകോർത്തപ്പോൾ ന്യൂയോർക്കിലെ ബിഷപ്പ് കിയാർണി ഹൈസ്കൂളിനെ തേടിയെത്തിയത് ലോകം അസൂയപ്പെടുന്ന ഒരു അപൂർവ്വ ബഹുമതി. വരാനിരിക്കുന്ന ഒളിമ്പിക്സിനുള്ള വനിതാ ഐസ് ഹോക്കി ടീമുകളിലേക്ക് ഈ വിദ്യാലയത്തിലെ എട്ട് പൂർവ്വ വിദ്യാർത്ഥിനികളാണ് തിരഞ്ഞെടുക്കപ്പെട്ടത്.
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർത്തിപ്പിടിക്കുന്ന അച്ചടക്കവും മൂല്യബോധവും എങ്ങനെ ലോകോത്തര താരങ്ങളെ വാർത്തെടുക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ നേട്ടം മാറി. ബിഷപ്പ് കിയാർണി ഹൈസ്കൂളിന്റെ ഭാഗമായ 'ബികെ സെലക്ട്സ്' ഹോക്കി അക്കാദമിയാണ് ഈ വിജയഗാഥയ്ക്ക് പിന്നിൽ. 2016 ൽ പെൺകുട്ടികൾക്കായി ആരംഭിച്ച അക്കാദമി ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമേരിക്കയിലെയും കാനഡയിലെയും മുൻനിര ഹോക്കി കേന്ദ്രമായി മാറി.
എട്ട് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ഐസ് ഹോക്കിയിലെ അതികായന്മാരോട് ഏറ്റുമുട്ടാനുള്ള പരിശീലനം ഇവിടെ ലഭിക്കുന്നു. താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തന്നെ ജൂനിയർ ഹോക്കിയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും സ്കൂൾ ഒരുക്കുന്നു.
ഐസ് ഹോക്കിയിലെ കരുത്തുറ്റ പോരാട്ടങ്ങൾക്കിടയിലും തങ്ങളുടെ ആത്മീയ അടിത്തറ കൈവിടാതെയാണ് ഈ താരങ്ങൾ വളർന്നത്. ക്ലാസ് മുറികളിലും മൈതാനത്തും അവർ പുലർത്തിയ അതേ ഏകാഗ്രത ആത്മീയ പരിശീലനത്തിലും നിലനിർത്തി. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും നേരിടാൻ വിശ്വാസത്തെ ആയുധമാക്കാൻ ബിഷപ്പ് കിയാർണിയിലെ ശിക്ഷണം അവരെ സഹായിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഈ എട്ട് താരങ്ങളുടെ തിരഞ്ഞെടുപ്പ് സ്കൂളിന്റെ പ്രശസ്തി കടൽ കടന്നതിന്റെ തെളിവാണ്.
സ്കൂൾ പ്രസിഡന്റ് പോൾ കൊളോണ്ടിനോ ഈ നേട്ടത്തെ വിശേഷിപ്പിച്ചത് ബിഷപ്പ് കിയാർണിയുടെ മൂല്യങ്ങളുടെ വിജയം എന്നാണ്. "വിശ്വാസം, അച്ചടക്കം, തോൽവി സമ്മതിക്കാത്ത കരുത്ത് എന്നിവയുടെ പ്രതീകങ്ങളാണ് ഈ പെൺകുട്ടികൾ. ഇത് ഞങ്ങളുടെ വിദ്യാലയത്തിന് മാത്രമല്ല, റോച്ചസ്റ്റർ സമൂഹത്തിന് മുഴുവൻ അഭിമാനത്തിന്റെ നിമിഷമാണ്." അദേഹം പറഞ്ഞു.
ഐസ് മൈതാനത്തെ തീപാറുന്ന പോരാട്ടങ്ങൾക്കപ്പുറം ഓരോ വിദ്യാർത്ഥിയെയും മികച്ച മനുഷ്യരാക്കി മാറ്റുന്ന ബിഷപ്പ് കിയാർണിയുടെ രീതി ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.