വാഷിങ്ടണ്‍: കലിഫോര്‍ണിയയില്‍ കര്‍ണാടക സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ കെമിക്കല്‍ ആന്‍ഡ് ബയോമോളികുലാര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സാകേത് ശ്രീനിവാസയ്യ(22) ആണ് മരിച്ചത്.
ഫെബ്രുവരി ഒമ്പത് മുതല്‍ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കലിഫോര്‍ണിയയിലെ ബെര്‍ക്ക്‌ലി കുന്നുകള്‍ക്ക് സമീപമുള്ള ലേക്ക് അന്‍സ പ്രദേശത്ത് നിന്നും ലോക്കല്‍ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് സാകേതാണെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു.
കെമിക്കല്‍ ആന്‍ഡ് ബയോ മോളികുലാര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായാണ് സാകേത് അമേരിക്കയില്‍ എത്തിയത്. മദ്രാസ് ഐഐടിയില്‍ നിന്നുമാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ബെര്‍ക്ക്‌ലി കുന്നുകളിലെ അന്‍സ തടാകത്തിന് സമീപത്ത് വച്ച് സാകേതിനെ അവസാനമായി കണ്ടെതെന്നായിരുന്നു റിപ്പോര്‍ട്ട്. കാണാനില്ലെന്ന പരാതിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ പാസ്‌പോര്‍ട്ടും ലാപ്‌ടോപ്പും അടങ്ങിയ അദേഹത്തിന്റെ ബാക്ക്പാക്ക് ടില്‍ഡന്‍ റീജിയണല്‍ പാര്‍ക്കിന് സമീപം കണ്ടെത്തുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പരസ്യമായി ആശങ്ക പ്രകടിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തുടരുകയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.