വാഷിങ്ടൺ: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി. തീരുവകൾ നിശ്ചയിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല മറിച്ച് കോൺഗ്രസിനാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി. ട്രംപിന്റെ വിദേശ-സാമ്പത്തിക നയങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിക്കുന്നതാണ് ഈ ഉത്തരവ്.
ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കേണ്ട നിയമങ്ങൾ ദുരുപയോഗം ചെയ്താണ് ട്രംപ് താരിഫുകൾ ചുമത്തിയതെന്ന് 6-3 ഭൂരിപക്ഷത്തോടെയുള്ള വിധിയിൽ ജഡ്ജിമാർ നിരീക്ഷിച്ചു. 1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് പ്രകാരം ഇത്തരം ലവികൾ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുഎസ് ഭരണഘടനയനുസരിച്ച് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം ജനപ്രതിനിധി സഭയായ കോൺഗ്രസിനാണ്. ട്രംപ് തന്റെ അധികാര പരിധി ലംഘിച്ചുകൊണ്ട് താരിഫുകളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്കും സുരക്ഷയ്ക്കും ഈ തീരുവകൾ അത്യന്താപേക്ഷിതമാണെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ വാദം. ഈ അധിക തീരുവകൾ പിൻവലിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകുമെന്ന് അദേഹം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികാര നടപടിയുടെ ഭാഗമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ കോടതി റദ്ദാക്കിയതോടെ ആഗോള വിപണിയിൽ ഇതിന്റെ പ്രതിഫലനങ്ങൾ പ്രകടമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.