ബാറുകളാകാൻ വിട്ടുകൊടുക്കില്ല; ദേവാലയങ്ങൾ വിലയ്ക്ക് വാങ്ങി 'ദൈവത്തിന്റെ കാവലാളാകുന്ന' 25 കാരൻ

ബാറുകളാകാൻ വിട്ടുകൊടുക്കില്ല; ദേവാലയങ്ങൾ വിലയ്ക്ക് വാങ്ങി 'ദൈവത്തിന്റെ കാവലാളാകുന്ന' 25 കാരൻ

ലണ്ടൻ: നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രാർത്ഥനാലയങ്ങൾ ബാറുകളും റസ്റ്റോറന്റുകളുമായി പരിണമിക്കുന്ന ബ്രിട്ടീഷ് തെരുവുകളിൽ വിശ്വാസത്തിന്റെ പുതിയൊരു മതിൽ തീർക്കുകയാണ് സാമുവൽ ലീഡ്‌സ് എന്ന 25 കാരൻ.

റിയൽ എസ്റ്റേറ്റ് വിപണിയിലെ കോടികൾ ലാഭം കൊയ്യാൻ ഉപയോഗിക്കുന്നതിന് പകരം വിൽപനയ്ക്ക് വെച്ചിരിക്കുന്ന ദൈവാലയങ്ങൾ സ്വന്തമാക്കി അവയെ സംരക്ഷിക്കുക എന്ന ദൗത്യമാണ് ഈ യുവകോടീശ്വരൻ ഏറ്റെടുത്തിരിക്കുന്നത്.
ബിസിനസുകാർ കെട്ടിടങ്ങളുടെ വിസ്തീർണവും ലാഭവും കണക്കു കൂട്ടുമ്പോൾ സാമുവൽ നോക്കുന്നത് അവയുടെ ആത്മീയ മൂല്യമാണ്.

"ദൈവത്തിന്റെ ആലയം വിൽപനയ്ക്കുള്ളതല്ല" എന്ന് ഇദേഹം ഉറക്കെ പ്രഖ്യാപിക്കുന്നു. ഇതിനോടകം തന്നെ ഡാർലാസ്റ്റണിലെ ചരിത്ര പ്രസിദ്ധമായ മെത്തഡിസ്റ്റ് ദൈവാലയം സാമുവൽ സ്വന്തമാക്കിക്കഴിഞ്ഞു. ലക്ഷ്യം ലളിതമാണ് - ഈ കെട്ടിടങ്ങൾ ഇനി കച്ചവട സ്ഥാപനങ്ങളായല്ല മറിച്ച് വിശ്വാസികൾക്ക് പ്രാർത്ഥിക്കാനുള്ള ഇടങ്ങളായി തന്നെ നിലനിൽക്കണം.

ബ്രിട്ടനിലെ യുവതലമുറ ആത്മീയതയിലേക്ക് മടങ്ങുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങിയ ഈ കാലഘട്ടത്തിൽ സാമുവലിന്റെ നീക്കം ഏറെ ശ്രദ്ധേയമാണ്. ലണ്ടനിൽ ഇക്കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ക്രൈസ്തവ വിശ്വാസ സ്വീകരണ നിരക്കാണ് രേഖപ്പെടുത്തിയത്. "യുവജനങ്ങൾ ദൈവത്തിലേക്ക് മടങ്ങിവരുമ്പോൾ അവർക്ക് മുന്നിൽ പള്ളികളുടെ വാതിലുകൾ അടഞ്ഞുകിടക്കരുത്" - സാമുവൽ പറയുന്നു.

നിലവിൽ ഭക്ഷണശാലകളായും കടകളായും മാറ്റപ്പെട്ട പഴയ ദൈവാലയങ്ങൾ പോലും തിരിച്ചുവാങ്ങി അവയുടെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് സാമുവലിന്റെ പദ്ധതി. ഇൻസ്റ്റാഗ്രാമിലൂടെയുള്ള ഇദേഹത്തിന്റെ ആഹ്വാനത്തിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ ഈ 25 കാരൻ ഇപ്പോൾ നിശബ്ദ വിപ്ലവത്തിന്റെ മുഖമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.