എല്‍.പി.ജി ക്ഷാമം: എഐ ആപ്പുകളെ പിന്നിലാക്കി ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്പ് ഒന്നാമത്

എല്‍.പി.ജി ക്ഷാമം: എഐ ആപ്പുകളെ പിന്നിലാക്കി ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്പ് ഒന്നാമത്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധം തുടരുന്നതിനിടെ ആപ്പ് സ്റ്റോറുകളില്‍ എ.ഐ ആപ്പുകളെ മറികടന്ന് എല്‍.പി.ജി ബുക്കിങ് ആപ്പുകള്‍ മുന്നില്‍. ഇന്ത്യന്‍ ഓയിലിന്റെ എല്‍.പി.ജി ഗ്യാസ് സിലിണ്ടര്‍ ബുക്കിങ് ആപ്പായ 'ഇന്ത്യന്‍ ഓയില്‍ വണ്‍' ആണ് ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ഒന്നാമതെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ എല്‍.പി.ജി ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ബുക്കിങ് ആപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറിയത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ വിതരണ പാതകളില്‍ ഒന്നായ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലേക്കുള്ള പാചക വാതക ഇറക്കുമതി തടസപ്പെട്ടിരിക്കുകയായിരുന്നു. ബുക്ക് ചെയ്തവര്‍ക്ക് പതിവിലും കൂടുതല്‍ ദിവസങ്ങളെടുത്താണ് സിലിണ്ടര്‍ ലഭിക്കുക.

ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനാല്‍ വാണിജ്യ ഉപയോക്താക്കള്‍ക്കുള്ള ഗ്യാസ് ലഭ്യത കുറഞ്ഞു. പാചക വാതക വിതരണം കുറയുകയും വില കുത്തനെ ഉയരുകയും ചെയ്തതോടെ രാജ്യത്തെ റെസ്റ്റോറന്റുകളും ഭക്ഷണ ശാലകളും അടച്ച് പൂട്ടുകയോ വിഭവങ്ങള്‍ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്.

ഈ സാഹചര്യത്തിലാണ് സൗജന്യ ആപ്പുകളുടെ പട്ടികയില്‍ ചാറ്റ് ജി.പി.ടി, ജെമിനി പോലുള്ള എ.ഐ. ആപ്പുകളെ മറികടന്ന് ഇന്ത്യന്‍ ഓയില്‍ വണ്‍ ആപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. മാര്‍ച്ച് 15 വൈകുന്നേരവും ആപ്പ് ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയായിരുന്നു.

അതിനിടെ രാജ്യത്തെ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.