ഓസ്‌ട്രേലിയയിൽ മിനിമം വേതനം അഞ്ച് ശതമാനം വർധിപ്പിക്കണം; ശക്തമായ നിലപാടുമായി കത്തോലിക്കാ മെത്രാൻ സമിതി

ഓസ്‌ട്രേലിയയിൽ മിനിമം വേതനം അഞ്ച് ശതമാനം വർധിപ്പിക്കണം; ശക്തമായ നിലപാടുമായി കത്തോലിക്കാ മെത്രാൻ സമിതി

കാൻബറ: രാജ്യത്തെ സാധാരണക്കാരായ തൊഴിലാളികളുടെ മിനിമം വേതനത്തിൽ അഞ്ച് ശതമാനം വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമിതി. ഫെയർ വർക്ക് കമ്മീഷന്റെ വാർഷിക വേതന പരിഷ്കരണ സമിതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് സഭ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വിലക്കയറ്റത്തിൽ വലയുന്ന സാധാരണക്കാർക്ക് മാന്യമായ ജീവിതസാഹചര്യം ഉറപ്പാക്കാൻ ഈ വധനവ് അനിവാര്യമാണെന്ന് സഭ ചൂണ്ടിക്കാട്ടി.

മെത്രാൻ സമിതിയുടെ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ ദേശീയ മിനിമം വേതനത്തിൽ ആഴ്ചയിൽ 47.60 ഡോളറിന്റെ വർധനവുണ്ടാകും. ഇതോടെ പ്രതിവാര വേതനം നിലവിലെ 948 ഡോളറിൽ നിന്ന് 995.60 ഡോളറായി ഉയരും. മണിക്കൂർ നിരക്ക് 24.95 ഡോളറിൽ നിന്ന് 26.20 ഡോളറായും വർധിക്കും.

ജോലി എന്നത് വെറും നിലനിൽപ്പിനുള്ള മാർഗ്ഗമല്ലെന്നും അത് മനുഷ്യന്റെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാകണമെന്നും ബിഷപ്പ് കൊളംബ മക്ബെത്ത്-ഗ്രീൻ പറഞ്ഞു. "മുഴുവൻ സമയം ജോലി ചെയ്യുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടേണ്ടി വരുന്നത് ഒരു നീതിയുക്തമായ സമൂഹത്തിന് ചേർന്നതല്ല," ബിഷപ്പ് വ്യക്തമാക്കി.

2026-ൽ രാജ്യത്തെ ദാരിദ്ര്യരേഖ 5.8 ശതമാനം വർദ്ധിച്ചതായി ഓസ്‌ട്രേലിയൻ കാത്തലിക് യൂണിവേഴ്സിറ്റി നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും വലിയ വർധനവാണിത്. രണ്ട് കുട്ടികളുള്ള ഒറ്റപ്പെട്ട മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ വരുമാനവും ദാരിദ്ര്യ രേഖയും തമ്മിലുള്ള വലിയ വ്യത്യാസം ഇല്ലാതാക്കാൻ ഈ വേതന വർധനവ് സഹായിക്കും.

ഭവനവാടക, വൈദ്യുതി നിരക്ക്, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവ കുതിച്ചുയരുന്ന സാഹചര്യത്തിൽ സഭയുടെ ഈ ഇടപെടൽ തൊഴിലാളി സംഘടനകൾക്കിടയിൽ വലിയ സ്വാഗതം നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ കാത്തലിക് കൗൺസിൽ ഫോർ എംപ്ലോയ്‌മെന്റ് റിലേഷൻസ് വഴിയാണ് സഭ ഈ ഔദ്യോഗിക ശുപാർശ നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.