റോം: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സംഗീതാസ്വാദകരെ തന്റെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച ഇറ്റാലിയൻ ടെനർ ആൻഡ്രിയ ബോചെല്ലി, തന്റെ ജീവിതവിജയത്തിന്റെ രഹസ്യം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈവഹിതത്തിന് കീഴടങ്ങുന്നതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നത്.
ജീവിതത്തിലെ നേട്ടങ്ങളും വെല്ലുവിളികളും ദൈവത്തിന്റെ വലിയ പദ്ധതിയുടെ ഭാഗമാണെന്ന് ബോചെല്ലി വിശ്വസിക്കുന്നു. കാഴ്ചശക്തിയുമായി ബന്ധപ്പെട്ട തന്റെ പരിമിതികളെ ദൈവത്തിലുള്ള പരിപൂർണ്ണ ശരണത്തോടെയാണ് അദ്ദേഹം നേരിട്ടത്. "നാം ചോദിക്കുന്നത് നൽകുന്നവനല്ല ദൈവം മറിച്ച് നമുക്ക് എന്താണോ ആവശ്യമുള്ളത് അത് നൽകുന്നവനാണ് അവിടുന്ന്" - ബോചെല്ലി പറഞ്ഞു.
ബോചെല്ലിയെ സംബന്ധിച്ച് പ്രാർത്ഥന എന്നത് കേവലം വാക്കുകൾ ചൊല്ലിത്തീർക്കലല്ല മറിച്ച് സ്രഷ്ടാവുമായുള്ള നിരന്തരമായ സംഭാഷണമാണ്. ഓരോ സംഗീത പരിപാടിക്ക് മുൻപും താൻ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടെന്നും അദേഹം വ്യക്തമാക്കി. "എനിക്ക് ലഭിച്ച ഈ സ്വരം ദൈവത്തിന്റെ ദാനമാണ്. അത് മറ്റുള്ളവർക്ക് ആശ്വാസം പകരാൻ ഉപയോഗിക്കണമെന്നാണ് എന്റെ ആഗ്രഹം," ബോചെല്ലി കൂട്ടിച്ചേർത്തു.
പരിമിതികളെ അതിജീവിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ ബോചെല്ലിയുടെ ഈ വാക്കുകൾ സംഗീത ലോകത്തും വിശ്വാസികൾക്കിടയിലും വലിയ ചർച്ചയായിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.