പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; ഏപ്രില്‍ നാലിന് തിരുവനന്തപുരത്ത് റോഡ് ഷോ, തിരുവല്ലയില്‍ പൊതുസമ്മേളനം

പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നു; ഏപ്രില്‍ നാലിന് തിരുവനന്തപുരത്ത് റോഡ് ഷോ, തിരുവല്ലയില്‍ പൊതുസമ്മേളനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ ശക്തി പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കേരളത്തിലെത്തുന്നു. ഏപ്രില്‍ നാലിന് എത്തുന്ന അദേഹം സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. തിരുവനന്തപുരത്തെ റോഡ് ഷോയും തിരുവല്ലയിലെ പൊതുസമ്മേളനവുമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ പ്രചാരണത്തിനായി എത്തുന്നത്. കഴിഞ്ഞ ദിവസം പാലക്കാട്ട് നടന്ന പൊതു പരിപാടിയിലും തൃശൂര്‍ നഗരത്തില്‍ നടന്ന റോഡ് ഷോയിലും അദേഹം പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്തെ കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, നേമം മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന ഈ പരിപാടിയില്‍ ജില്ലയിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും അണിനിരക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ നടക്കുന്ന പൊതുസമ്മേളനം മധ്യകേരളത്തിലെ ബിജെപി പ്രചാരണത്തിന് ഊര്‍ജം പകരും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു.

തിരുവല്ല, ആറന്മുള, ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള പത്ത് പ്രധാന നിയമസഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പത്തനംതിട്ടയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടാണ് തിരുവല്ലയില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.