കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു; എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോഡി

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു; എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോഡി

തിരുവല്ല: കേരളത്തിൽ ഇടതു സർക്കാരിന്റെ പതനത്തിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞെന്നും സംസ്ഥാനം വലിയൊരു രാഷ്ട്രീയ പരിവർത്തനത്തിന് തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥി അനൂപിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

തന്റെ കൂടെക്കഴിഞ്ഞ് അഞ്ചു വർഷമായി നിസ്വാർത്ഥമായി സേവനം ചെയ്യുന്ന അനൂപിനെ തിരുവല്ലയുടെ വികസനത്തിനായി താൻ സമ്മാനിക്കുകയാണെന്ന് മോഡി പറഞ്ഞു. "തിരുവല്ലയെ വികസനത്തിന്റെ പ്രഭവ കേന്ദ്രമാക്കും. യുവാക്കൾക്ക് തൊഴിൽ നൽകുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കും. ഇത് തിരുവല്ലയ്ക്ക് മോഡിയുടെ ഗ്യാരണ്ടിയാണ്," പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കേരളത്തിന്റെ വികസന സാധ്യതകളെ ഇടത്-വലത് മുന്നണികൾ തകർക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ മോശം അവസ്ഥ ഇതിന് ഉദാഹരണമാണ്. കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ സംസ്ഥാന സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നും മുൻ സർക്കാരുകളെ അപേക്ഷിച്ച് അഞ്ചിരട്ടി തുകയാണ് എൻഡിഎ സർക്കാർ കേരളത്തിന് നൽകിയതെന്നും മോഡി അവകാശപ്പെട്ടു.

സ്ത്രീ സുരക്ഷയ്ക്കും ശാക്തീകരണത്തിനും ബിജെപി സർക്കാർ മുൻഗണന നൽകുന്നു. ശൗചാലയങ്ങൾ, ഭവന നിർമ്മാണം, ചികിത്സാ സൗകര്യങ്ങൾ എന്നിവയിലൂടെ അമ്മമാരുടെയും സഹോദരിമാരുടെയും ജീവിതം മെച്ചപ്പെടുത്തി. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇരട്ട എൻജിൻ സർക്കാരിന്റെ ഗുണഫലങ്ങൾ ഇവിടത്തെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗമാണ് ചങ്ങനാശേരിയിലെത്തിയത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.