ക്രിസ്തുവിൻ്റെ ഉത്ഥാനം ഭൂതകാലത്തിലെ ഒരു സംഭവമല്ല എക്കാലത്തേയ്ക്കുമുള്ള നിർണായക ശക്തിയാണ്: ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അനുസ്മരിച്ച് ഉത്ഥാന ദിനത്തിൽ ലിയോ മാർപാപ്പ

ക്രിസ്തുവിൻ്റെ ഉത്ഥാനം ഭൂതകാലത്തിലെ ഒരു സംഭവമല്ല എക്കാലത്തേയ്ക്കുമുള്ള നിർണായക ശക്തിയാണ്: ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ അനുസ്മരിച്ച് ഉത്ഥാന ദിനത്തിൽ ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ഈസ്റ്റർ നമ്മെ ഒരിക്കലും പരാജയപ്പെടാത്ത പ്രത്യാശയിലേക്കും ഒളിമങ്ങാത്ത വെളിച്ചത്തിലേക്കും ഒന്നിനും എടുത്തുകളയാൻ പറ്റാത്ത സന്തോഷത്തിലേക്കും നയിക്കുന്നുവെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. മരണം എന്നെന്നേക്കുമായി കീഴടക്കപ്പെട്ടിരിക്കുന്നു. 'ക്രിസ്തു മരിച്ചവരിൽ നിന്ന് ഉത്ഥാനം ചെയ്തു' എന്ന പ്രഖ്യാപനം, ഇനി മരണത്തിന് നമ്മുടെമേൽ ഒരു അധികാരവുമില്ലെന്നാണ് ഓർമ്മപ്പെടുത്തുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഈസ്റ്റർ ഞായറാഴ്ച, വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ അമ്പതിനായിരത്തിലധികം വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. 'സർവ്വസൃഷ്ടികളും ഒരു പുതിയ വെളിച്ചത്തിന്റെ ഉജ്ജ്വലശോഭയാൽ തിളങ്ങുന്ന ദിവസമാണ് ഇന്ന്. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റു; അവനോടൊപ്പം നാമും. ഭൂമിയിൽ ആനന്ദത്തിന്റെ സ്തുതിഗീതം ഉയരുകയും നാം ആഹ്ലാദിക്കുകയും ചെയ്യുന്നു - പാപ്പാ വിശദീകരിച്ചു.

നെതർലാൻഡ്സിൽനിന്ന് എത്തിച്ച വർണ്ണാഭമായ 7800-ലധികം വിവിധയിനം പുഷ്പങ്ങളാൽ സെൻ്റ് പീറ്റേഴ്സ് സ്ക്വയറിലെ ബലിവേദിയും പരിസരങ്ങളും അലംകൃതമായിരുന്നു. തുടർച്ചയായി ഇത് 40-ാം വർഷമാണ് ഉയിർപ്പുതിരുനാൾ ദിവസത്തെ വിശുദ്ധ കുർബാനയ്ക്ക് വേദി അലങ്കരിക്കാനായി ഡച്ച് ബിഷപ്സ് കോൺഫറൻസിന്റെ സഹകരണത്തോടെ നെതർലാൻഡ്സിൽ നിന്ന് സൗജന്യമായി പുഷ്പങ്ങൾ എത്തിക്കുന്നത്.

ധൈര്യപൂർവ്വം പ്രത്യാശയെ ആശ്ലേഷിക്കുക

മരണത്തിൻ്റെ ശക്തി നമ്മെ ആന്തരികമായും ബാഹ്യമായും നിരന്തരം ഭീഷണിപ്പെടുത്തുമ്പോൾ, പ്രത്യാശയുടെയും വെളിച്ചത്തിന്റെയും ഈസ്റ്റർ സന്ദേശം സ്വീകരിക്കാൻ എളുപ്പമല്ലെന്ന് മാർപാപ്പ പറഞ്ഞു. ആന്തരികമായി, നമ്മുടെ പാപങ്ങളുടെ ഭാരം 'ചിറകു വിരിച്ച് പറക്കുന്നതിൽ' നിന്ന് നമ്മെ തടയുന്നു. അല്ലെങ്കിൽ, കഷ്ടപ്പാടുകൾ മൂലം 'അവസാനം കാണാത്ത ഒരു തുരങ്കത്തിൽ' അകപ്പെട്ടാലെന്നതുപോലെ നമ്മുടെ പ്രത്യാശ നഷ്ടപ്പെടുന്നു.

ബാഹ്യ തലത്തിലാണെങ്കിൽ, മരണം എപ്പോഴും നമ്മുടെ കൺമുമ്പിൽ ഉണ്ട്. എല്ലാ അനീതികളിലും പക്ഷപാതപരമായ സ്വാർത്ഥതകളിലും ഏറ്റവും ദുർബലരായവർ അടിച്ചമർത്തപ്പെടുന്ന അവസരങ്ങളിലും അത് തെളിഞ്ഞുകാണപ്പെടുന്നു. ഭൂമിയുടെ വിഭവങ്ങൾ കൊള്ളയടിക്കുന്ന ലാഭേച്ഛയാകുന്ന വിഗ്രഹാരാധനയും കൊല്ലുകയും നശിപ്പിക്കുകയും ചെയ്യുന്ന യുദ്ധങ്ങളുടെ അക്രമവും എല്ലാ കോണുകളിൽനിന്നും ഉയരുന്നു.

ഉന്നതങ്ങളിലേക്ക് നോക്കുകയും ഹൃദയങ്ങൾ തുറക്കുകയും ചെയ്യാം

നമ്മുടെ കർത്താവ് ജീവിക്കുന്നവനും നമ്മോടൊപ്പമുള്ളവനുമാകയാൽ, നമ്മുടെ ദൃഷ്ടികൾ ഉന്നതങ്ങളിലേക്ക് ഉയർത്തുകയും ഹൃദയങ്ങൾ തുറക്കുകയും ചെയ്യാം - പാപ്പാ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ അപ്പസ്തോലിക പ്രബോധനമായ ഇവാഞ്ചലി ഗൗദിയത്തിൽ നിന്നുള്ള വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ലിയോ പാപ്പാ ഇപ്രകാരം പറഞ്ഞു:

'ക്രിസ്തുവിൻ്റെ ഉത്ഥാനമെന്നത് ഭൂതകാലത്തിലെ ഒരു സംഭവമല്ല. ഭൂമിയിൽ മുഴുവൻ വ്യാപിച്ചിരിക്കുന്നതും എക്കാലത്തേയ്ക്കുമുള്ളതുമായ ഒരു നിർണായക ശക്തി അവിടുത്തെ ഉത്ഥാനത്തിനുണ്ട്. എല്ലാം നാശമടഞ്ഞതായി തോന്നുമ്പോഴും പ്രതിരോധിക്കാനാവാത്ത ഒരു ശക്തിയാൽ പുനരുത്ഥാനത്തിന്റെ അടയാളങ്ങൾ പൊടുന്നനെ ഉയർന്നുവരുകയും ഇന്നല്ലെങ്കിൽ നാളെ ഫലം പുറപ്പെടുവിക്കുകയും ചെയ്യും.' ഈ പ്രത്യാശയാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്.

മനുഷ്യവർഗത്തിനുമേൽ പുതുജീവൻ്റെ ഉദയം

ഉത്ഥിതനായ ക്രിസ്തു നമുക്ക് ഉറപ്പുള്ള പ്രത്യാശ തരുന്നു. 'മരണത്തെക്കാൾ ശക്തമായ ഒരു പുതുജീവൻ' മനുഷ്യരാശിക്കുമേൽ ഉദയം കൊള്ളുന്നുവെന്ന് അവിടുത്തെ ഉത്ഥാനം നമ്മോടു പ്രഖ്യാപിക്കുന്നു. 'ഈസ്റ്റർ ഒരു പുതിയ സൃഷ്ടിയും പുതിയ തുടക്കവുമാണ്; പുരാതന ശത്രുവിന്റെമേൽ വിജയം ആഘോഷിച്ചുകൊണ്ടുള്ള നിത്യജീവന്റെ ആരംഭമാണ്.

ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേറ്റവരായ നമുക്ക് പ്രത്യാശയുടെ ഈ ഗീതം ലോകത്തിൻ്റെ തെരുവുകളിലേക്ക് കൊണ്ടുവരാം. എല്ലാവരോടും കർത്താവിനെ പ്രഘോഷിക്കാനായി മഗ്ദലേന മറിയത്തെപ്പോലെ നമുക്ക് ഓടാം. പുനരുത്ഥാനത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് മരണത്തിൻ്റെ ഇരുൾ വീഴുന്നിടത്തെല്ലാം ജീവൻ്റെ വെളിച്ചം പ്രകാശിപ്പിക്കുന്നവരാകാം' - ഈ വാക്കുകളോടെ ലിയോ പാപ്പാ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള സന്ദേശം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.