'നിലപാടുകള്‍ സ്വാഗതാര്‍ഹം, ഹോര്‍മൂസില്‍ സുരക്ഷിത പാത നല്‍കും'; ഇന്ത്യയുടെ സമാധാന ശ്രമങ്ങളില്‍ പ്രതികരിച്ച് ഇറാന്‍

'നിലപാടുകള്‍ സ്വാഗതാര്‍ഹം, ഹോര്‍മൂസില്‍ സുരക്ഷിത പാത നല്‍കും'; ഇന്ത്യയുടെ സമാധാന ശ്രമങ്ങളില്‍ പ്രതികരിച്ച് ഇറാന്‍

ന്യൂഡല്‍ഹി: യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പുകഴ്ത്തി ഇറാന്‍. സംഘര്‍ഷം തീര്‍ക്കണമെന്ന ഇന്ത്യയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് ഇറാന്‍ അംബാസഡര്‍ പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത നല്‍കുമെന്നും ഇറാന്‍ വ്യക്തമാക്കി.

ഗ്രീന്‍ ആശ എന്ന എല്‍പിജി നിറച്ച ഒരു ഇന്ത്യന്‍ കപ്പല്‍ കൂടി കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്ക് കടന്നിരുന്നു. 15400 ടണ്‍ എല്‍പിജിയാണ് കപ്പലില്‍ ഉള്ളത്. ഇതോടെ യുദ്ധം തുടങ്ങിയ ശേഷം കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം എട്ടായി. ആകെ 87000 ടണ്‍ എല്‍പിജി നിറച്ച നാല് കപ്പലുകള്‍ കൂടി ഉടന്‍ ഹോര്‍മുസ് കടക്കാന്‍ കാത്തിരിക്കുകയാണ്. അതിനിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.

ഹോര്‍മുസ് കടല്‍പാത തുറക്കേണ്ടതിന്റെ ആവശ്യകത ഇറാന്‍ വിദേശകാര്യ മന്ത്രിയെ ഇന്ത്യ അറിയിച്ചതായും സൂചനയുണ്ട്. ആഗോള വ്യാപാരത്തിന് ഈ കടല്‍പാത അതീവ നിര്‍ണായകമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇറാനില്‍ നിന്ന് കൂടുതല്‍ എല്‍പിജി എത്തിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുകയാണ് ഇന്ത്യ. കൂടുതല്‍ എല്‍പിജി, ക്രൂഡ് ഓയില്‍ ടാങ്കറുകള്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കൂടാതെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇന്ത്യ റഷ്യന്‍ ഓയില്‍ വാങ്ങുന്നത് കുറച്ചത്. എന്നാല്‍ യുദ്ധത്തെ തുടര്‍ന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുതിച്ചത്. അംഗോള, ഗാബണ്‍, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും വര്‍ധിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ ഏപ്രിലിലും തുടരും. അതോടൊപ്പം ഇറാനിയന്‍ എണ്ണ വാങ്ങാനുള്ള സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.