ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി വീണ്ടും ഗവര്‍ണറെ കണ്ട് ടിവികെ നേതാവും നടനുമായ വിജയ്. ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറെ ഇന്ന് രാവിലെയാണ് വിജയ് കണ്ടത്.
ഭൂരിപക്ഷം തെളിയിക്കാന്‍ ടിവികെ തയ്യാറാണെന്ന് വിജയ് ഗവര്‍ണറെ അറിയിച്ചതായാണ് പാര്‍ട്ടിയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് ടിവികെ നിയമോപദേശം തേടിയതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഇന്നലെ തമിഴ്‌നാട് ഗവര്‍ണറുടെ ചുമതലയുള്ള കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് വിജയ് മന്ത്രിസഭ രൂപീകരിക്കാന്‍ അനുവാദം തേടിയിരുന്നു. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് അറിയിച്ചു. എന്നാല്‍ ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
108 സീറ്റുള്ള ടിവികെ കേവല ഭൂരിപക്ഷമായ 118 ലേക്ക് എത്താനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു സീറ്റുകള്‍ വീതമുള്ള വിസികെ, സിപിഎം, സിപിഐ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനായി വിജയ് കത്ത് നല്‍കിയിട്ടുണ്ട്.
ഡിഎംകെ മുന്നണിയിലെ പാര്‍ട്ടികളെയാണ് വിജയ് ഭൂരിപക്ഷം തികയ്ക്കാനായി ആശ്രയിക്കുന്നത്. അതില്‍ രണ്ട് സീറ്റുള്ള മുസ്ലീം ലീഗ് ഡിഎംകെ ബന്ധം തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. ഒരു സീറ്റുള്ള ഡിഎംഡികെയും മുന്നണി വിടില്ല.
എന്‍ഡിഎയിലുള്ള പിഎംകെയുമായി അനൗദ്യോഗിക ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യം അണ്ണാ ഡിഎംകെയിലും ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.