സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത ഏതാനും മണിക്കൂറുകളില്‍ ശക്തമായ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈയാഴ്ച അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും.

അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിലും മഴയിലും എറണാകുളം ജില്ലയുടെ പല മേഖലകളിലും നാശനഷ്ടം ഉണ്ടായി. പലയിടങ്ങളിലും മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.

അയ്യന്‍കാളിറോഡ്, ജവഹര്‍ റോഡ് എന്നിവടങ്ങളിലാണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത്. പൂണിത്തുറയില്‍ വീടിനു മുകളില്‍ മരം വീണു. കനത്ത മഴയില്‍ മലപ്പുറം പാണ്ടിക്കാട് ജിഎംഎല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു, ആളപായമില്ല. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.