"മിനിറ്റിന് രണ്ട് ഡോളർ നൽകി എ.ഐ യേശുവിനോട് സംസാരിക്കേണ്ടതില്ല; ജീവനുള്ള ഈശോയോട് സംസാരിക്കൂ"; ജോനാഥൻ റൂമിയുടെ പ്രസംഗം തരംഗമാകുന്നു


വാഷിങ്‌ടൺ: "മിനിറ്റിന് രണ്ട് ഡോളർ കൊടുത്ത് നിങ്ങൾ ഇന്റർനെറ്റിലെ എ.ഐ യേശുവിനോട് സംസാരിക്കേണ്ട കാര്യമില്ല! യഥാർത്ഥ യേശു നിങ്ങളുടെ തൊട്ടുമുന്നിൽ കൈകൾ നീട്ടി നിൽപ്പുണ്ട്". ലോകപ്രശസ്ത ബൈബിൾ പരമ്പരയായ 'ദി ചോസൻ' എന്ന സീരീസിൽ യേശു ക്രിസ്തുവായി അഭിനയിച്ച് ശ്രദ്ധേയനായ ഹോളിവുഡ് താരം ജോനാഥൻ റൂമിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. അമേരിക്കയെ ദൈവത്തിന് പുനപ്രതിഷ്ഠിച്ചുകൊണ്ട് വാഷിങ്ടൺ ഡിസിയിലെ നാഷണൽ മാളിൽ നടന്ന വിപുലമായ എക്യുമെനിക്കൽ സമ്മേളനത്തിലാണ് അദേഹം ഈ ആഹ്വാനം നടത്തിയത്.

അമേരിക്കൻ ഐക്യനാടുകളുടെ 250-ാം വാർഷികത്തിന് മുന്നോടിയായിട്ടായിരുന്നു ഈ ചരിത്ര ചടങ്ങ് സംഘടിപ്പിച്ചത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ-ആത്മീയ നേതാക്കളും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്ത പ്രാർത്ഥനാ സമ്മേളനത്തിൽ അമേരിക്കയെ വീണ്ടും ‘ദൈവത്തിന് കീഴിലുള്ള ഒരൊറ്റ ദേശമായി’ പ്രഖ്യാപിച്ച് പുനസമർപ്പിച്ചു.

വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു കാഴ്ചപ്പാടാണ് അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ രാജ്യത്തിന് നൽകിയതെന്നും അത് രാജ്യത്തിന് ശക്തമായ അടിത്തറയായി മാറിയെന്നും റൂമി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. "വിശ്വാസത്തിന്റെ കേന്ദ്രം പ്രാര്‍ത്ഥനയാണ്. വ്യക്തിപരമായി മാത്രമല്ല ഒരു രാഷ്ട്രമെന്ന നിലയില്‍ ഒന്നടങ്കം നാം ദൈവത്തിലേക്ക് മടങ്ങേണ്ട സമയമാണിത്. പ്രാര്‍ത്ഥിച്ചിട്ടും മനസിൽ ഭാരം തോന്നുന്നുവെങ്കില്‍ പോയി കുമ്പസാരിക്കുക, അനുതാപത്തിന് വലിയ ശക്തിയുണ്ട്." - സങ്കീർത്തനം 33 ഉദ്ധരിച്ചുകൊണ്ട് റൂമി പറഞ്ഞു.

തന്റെ കുട്ടിക്കാലത്തെ ഓർമ്മകളും അദേഹം പ്രസംഗത്തിൽ പങ്കുവെച്ചു. 1981ൽ അമേരിക്കൻ പ്രസിഡന്റിനും മാർപാപ്പയ്ക്കും അടുത്തടുത്ത ദിവസങ്ങളിൽ വെടിയേറ്റപ്പോഴും രാജ്യം വലിയ ഭീഷണികൾ നേരിട്ടപ്പോഴും ഒരു കുട്ടിയെന്ന നിലയിൽ തനിക്ക് ഭയമില്ലായിരുന്നു. സ്കൂളുകളിൽ എന്നും രാവിലെ ചൊല്ലിയിരുന്ന “വൺ നേഷൻ അണ്ടർ ​ഗോഡ്” എന്ന വാചകം തനിക്ക് വലിയ ധൈര്യമാണ് നൽകിയതെന്നും അമേരിക്കയ്ക്ക് എന്നും ദൈവത്തിന്റെ സംരക്ഷണമുണ്ടാകുമെന്ന് താൻ വിശ്വസിച്ചിരുന്നതായും റൂമി അനുസ്മരിച്ചു.

വരും തലമുറകളിലും അമേരിക്ക ദൈവത്തോട് വിശ്വസ്തത പുലർത്തുന്ന ജനതയായി മാറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥനയോടെയാണ് റൂമി പ്രസംഗം അവസാനിപ്പിച്ചത്. ജോനാഥൻ റൂമിക്ക് പുറമെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, കത്തോലിക്കാ സഭയിലെ പ്രമുഖരായ കർദിനാൾ തിമോത്തി ഡോളൻ, ബിഷപ്പ് റോബർട്ട് ബാരൺ തുടങ്ങിയ നിരവധി പ്രമുഖർ വാഷിങ്ടണിലെ ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക വീഡിയോ സന്ദേശവും സമ്മേളനത്തിൽ പ്രദർശിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.