വിമാന യാത്രക്കാര്‍ക്ക് വന്‍ നേട്ടം: മഹാരാജ ക്ലബ് ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിലും; പോയിന്റുകള്‍ വെറുതെയാകില്ല

വിമാന യാത്രക്കാര്‍ക്ക് വന്‍ നേട്ടം: മഹാരാജ ക്ലബ് ഇനി എയര്‍ ഇന്ത്യ എക്‌സ്പ്രസിലും; പോയിന്റുകള്‍ വെറുതെയാകില്ല

കൊച്ചി: ഇന്ത്യന്‍ വ്യോമയാന മേഖലയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ലോയല്‍റ്റി പ്രോഗ്രാമുകളിലൊന്നായ 'മഹാരാജ ക്ലബ്' (മുമ്പ് ഫ്‌ളൈയിങ് റിട്ടേണ്‍സ്) തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നു. എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കും ബാധകമാക്കിക്കൊണ്ട് എയര്‍ലൈന്‍ ഗ്രൂപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഇതോടെ ഗള്‍ഫ് രാജ്യങ്ങളും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 55 ല്‍ അധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സാധാരണക്കാരായ യാത്രക്കാര്‍ക്കും ഇനി മുതല്‍ മഹാരാജ പോയിന്റുകള്‍ സ്വന്തമാക്കാനും അവ പുതിയ ടിക്കറ്റുകള്‍ക്കായി ഉപയോഗിക്കാനും സാധിക്കും. അടുത്തിടെ എയര്‍ ഇന്ത്യ തങ്ങളുടെ പോയിന്റ് റിഡംപ്ഷന്‍ നിരക്കുകളില്‍ 30 ശതമാനം വരെ കുറവ് വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ എക്‌സ്പ്രസ് വിമാനങ്ങളുടെ കടന്നുവരവ് ആഭ്യന്തര-അന്തര്‍ദേശീയ യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ലാഭത്തിന് വഴിയൊരുക്കും.

എന്താണ് പുതിയ മാറ്റം?

പലപ്പോഴും ബഡ്ജറ്റ് എയര്‍ലൈന്‍ ആയ എയര്‍ ഇന്ത്യ എക്‌സ്പ്രസിനെ ആശ്രയിക്കുന്ന പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും തങ്ങളുടെ യാത്രകളില്‍ നിന്ന് പോയിന്റുകള്‍ സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ പരിഷ്‌കാരത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ തങ്ങളുടെ മഹാരാജ ക്ലബ് ഐഡി നല്‍കി പോയിന്റുകള്‍ അക്കൗണ്ടിലേക്ക് ചേര്‍ക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്ന ഓരോ 100 രൂപയ്ക്കും (അടിസ്ഥാന നിരക്കും ഇന്ധന സര്‍ചാര്‍ജും മാത്രം) മെംബര്‍ഷിപ്പ് ടിയര്‍ അനുസരിച്ച് പോയിന്റുകള്‍ ലഭിക്കും.

പോയിന്റ് ഘടന (ഓരോ 100 രൂപയ്ക്കും):

റെഡ് ടിയര്‍: വെബ്സൈറ്റ്/ആപ്പ് വഴി എട്ട് പോയിന്റ്, ട്രാവല്‍ ഏജന്റ് വഴി ആറ് പോയിന്റ്
സില്‍വര്‍ ടിയര്‍: വെബ്സൈറ്റ്/ആപ്പ് വഴി 10 പോയിന്റ്, ട്രാവല്‍ ഏജന്റ് വഴി എട്ട് പോയിന്റ്
ഗോള്‍ഡ് ടിയര്‍: വെബ്സൈറ്റ്/ആപ്പ് വഴി 11 പോയിന്റ്, ട്രാവല്‍ ഏജന്റ് വഴി ഒന്‍പത് പോയിന്റ്
പ്ലാറ്റിനം ടിയര്‍: വെബ്സൈറ്റ്/ആപ്പ് വഴി 12 പോയിന്റ്, ട്രാവല്‍ ഏജന്റ് വഴി 10 പോയിന്റ്

എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പോയിന്റുകള്‍ നേടാനാകും എന്നതാണ് ശ്രദ്ധേയം.

എയര്‍ ഇന്ത്യയുടെ എഐ കോഡ് ഉള്ളതും എന്നാല്‍ കോഡ്‌ഷെയര്‍ വ്യവസ്ഥയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നതുമായ ഫ്‌ളൈറ്റുകള്‍ എയര്‍ ഇന്ത്യ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ബുക്ക് ചെയ്യുമ്പോള്‍ കൈയിലുള്ള പോയിന്റുകള്‍ ഉപയോഗിച്ച് ടിക്കറ്റുകള്‍ എടുക്കാം. ഉദാഹരണത്തിന് ഡല്‍ഹിയില്‍ നിന്ന് ഗുവാഹത്തിയിലേക്കോ മറ്റോ ഉള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ പ്ലാറ്റ്ഫോം വഴി പോയിന്റുകള്‍ നല്‍കി ബുക്ക് ചെയ്യാം.

യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട നിബന്ധനകള്‍

യാത്ര കഴിഞ്ഞതിന് ശേഷം പഴയ ടിക്കറ്റുകള്‍ കാണിച്ച് പോയിന്റ് ക്ലെയിം ചെയ്യാന്‍കഴിയില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ ഐഡി നല്‍കണം. വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലോ കോണ്‍ടാക്റ്റ് സെന്ററുകളിലോ വെച്ച് മഹാരാജ ഐഡി ചേര്‍ക്കാനോ തിരുത്താനോ നിലവില്‍ സംവിധാനമില്ല. വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കുള്ള കണ്‍സെഷന്‍ നിരക്കുകളിലെ ബുക്കിങുകള്‍ക്കും പോയിന്റ് ആനുകൂല്യം ലഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രകള്‍ കൂടി കണക്കിലെടുക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മെംബര്‍ഷിപ്പ് പദവി സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം തുടങ്ങിയ ഉയര്‍ന്ന ടിയറുകളിലേക്ക് വേഗത്തില്‍ ഉയര്‍ത്താന്‍ സാധിക്കും.

എയര്‍ ഇന്ത്യയുടെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ശൃംഖലകള്‍ തമ്മില്‍ കൂടുതല്‍ ആഴത്തില്‍ സമന്വയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത് വിപണിയില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.