തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിലെ മൂല്യനിര്‍ണയ പിഴവുകളും പുനപരിശോധനാ പോര്‍ട്ടലിലെ സാങ്കേതിക തടസങ്ങളും കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തെ പ്രതിസന്ധിയിലാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ ജൂണ്‍ 10 ന് പ്രസിദ്ധീകരിക്കാനിരുന്ന റാങ്ക് പട്ടിക ജൂണ്‍ മൂന്നാം വാരത്തോടെ മാത്രമേ പുറത്തിറക്കാന്‍ സാധിക്കൂ എന്ന് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് വ്യക്തമാക്കി.
കേരളത്തിലെ എന്‍ജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത് പ്രവേശന പരീക്ഷയിലെ സ്‌കോറിനൊപ്പം പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, ഗണിതം തുടങ്ങിയ വിഷയങ്ങളുടെ മാര്‍ക്ക് കൂടി തുല്യ അനുപാതത്തില്‍ ചേര്‍ത്താണ്. പ്രവേശന പരീക്ഷാ സ്‌കോര്‍ മെയ് പകുതിയോടെ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും പ്ലസ് ടു മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാനുള്ള പോര്‍ട്ടല്‍ തുറക്കാന്‍ സിബിഎസ്ഇ ഫലത്തിലെ അനിശ്ചിതത്വം കാരണം ഇതുവരെ സാധിച്ചിട്ടില്ല.
സിബിഎസ്ഇ ഇത്തവണ പുതുതായി നടപ്പാക്കിയ ഡിജിറ്റല്‍ മൂല്യനിര്‍ണയ സംവിധാനമായ ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് രീതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്. ശരിയായ രീതിയിലല്ലാത്ത സ്‌കാനിങ് കാരണം പലര്‍ക്കും അര്‍ഹതപ്പെട്ട മാര്‍ക്ക് നഷ്ടപ്പെട്ടതായും മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ മാര്‍ക്കിന്റെ കുറവുണ്ടായതായും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
അര്‍ഹതപ്പെട്ട മാര്‍ക്ക് തിരിച്ചുപിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പുനര്‍ മൂല്യനിര്‍ണയത്തിന് ശ്രമിച്ചെങ്കിലും സിബിഎസ്ഇയുടെ പോര്‍ട്ടല്‍ സാങ്കേതിക തകരാറിലായതോടെ അപേക്ഷ സമര്‍പ്പണം വൈകി. കേരളത്തില്‍ നിന്ന് മാത്രം പതിനയ്യായിരത്തോളം സിബിഎസ്ഇ വിദ്യാര്‍ത്ഥികളാണ് ഇത്തവണ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളത്. ഇവരുടെ പ്ലസ് ടു മാര്‍ക്കിലുണ്ടായ കുറവ് റാങ്ക് ലിസ്റ്റില്‍ വലിയ രീതിയില്‍ പിന്നോട്ട് പോകാന്‍ കാരണമാകും.
എഐസിടിഇ നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ എഞ്ചിനീയറിങ് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ റാങ്ക് പട്ടിക നീണ്ടുപോകുന്നത് പ്രവേശന പ്രക്രിയയെ ബാധിച്ചേക്കും. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്ലസ് ടു മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുള്ള പോര്‍ട്ടല്‍ ദിവസങ്ങള്‍ക്കകം തുറക്കാനാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിലവിലെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം. ഇതിനിടയില്‍ സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ ഫലം വന്നാല്‍ പുതുക്കിയ മാര്‍ക്ക് കൂടി ഉള്‍പ്പെടുത്താന്‍ പ്രത്യേക അവസരം നല്‍കുന്ന കാര്യവും അധികൃതര്‍ ആലോചിക്കുന്നുണ്ട്.
പുനര്‍ മൂല്യനിര്‍ണയ ഫലം വരുന്നത് വരെ പ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കമ്മീഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.