പാരീസ്: കത്തോലിക്കാ സഭയിലെ കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്താൻ വൈദികരെ നിർബന്ധിതരാക്കുന്ന വ്യവസ്ഥയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഫ്രഞ്ച് പാർലമെന്റിന്റെ തീരുമാനം. കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഫ്രാൻസ് ആലോചിച്ചിരുന്ന വിവാദ ബില്ലിൽ നിന്ന് ഈ നിർദേശം നീക്കം ചെയ്തു.
ആഴ്ചകളായി തുടർന്ന കടുത്ത വാദപ്രതിവാദങ്ങൾക്കൊടുവിലാണ് നിയമ നിർമ്മാതാക്കൾ സഭയുടെ നിലപാടിനെ മാനിക്കാൻ തീരുമാനിച്ചത്. അതേസമയം കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള മറ്റു വിപുലമായ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റ് ഐകകണ്ഠേന പാസാക്കുകയും ചെയ്തു.
കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുന്നത് വൈദികർക്കുള്ള ഒരു പ്രത്യേക ആനുകൂല്യമല്ലെന്നും മറിച്ച് വിശ്വാസികളുടെ പവിത്രമായ അവകാശമാണെന്നുമാണ് സഭാ നേതൃത്വം ശക്തമായി വാദിച്ചിരുന്നത്. കുമ്പസാരത്തിന്റെ രഹസ്യാത്മകത നിലനിർത്തുന്നത് മതസ്വാതന്ത്ര്യത്തിന് അത്യന്താപേക്ഷിതമാണെന്നും സഭ വ്യക്തമാക്കിയിരുന്നു.
കുമ്പസാര രഹസ്യം സംരക്ഷിക്കുന്നതിനൊപ്പം തന്നെ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിലും ഇരകൾക്ക് പിന്തുണ നൽകുന്നതിലും തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഫ്രഞ്ച് മെത്രാൻ സമിതി അറിയിച്ചു. സിവിലിയൻ അധികാരികളുമായി സഭ എന്നും സഹകരിക്കുമെന്നും എന്നാൽ നിയമപരമായ ഈ സഹകരണം കുമ്പസാരത്തിന് പുറത്തുള്ള കാര്യങ്ങളിലായിരിക്കുമെന്നും ബിഷപ്പുമാർ വ്യക്തമാക്കിയിരുന്നു.
സഭയുടെ ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ട് മതപരമായ പവിത്രതയെ മാനിക്കാൻ നിയമ നിർമ്മാതാക്കൾ തയ്യാറായതോടെയാണ് വിവാദത്തിന് പരിസമാപ്തിയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.