ന്യൂഡല്‍ഹി: രാജ്യത്തെ അതിര്‍ത്തി ജില്ലകളിലെ ജനസംഖ്യാ ഘടനയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഉന്നതതല സമിതിക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനസംഖ്യാ വ്യതിയാനത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനായി അതിര്‍ത്തി പ്രദേശങ്ങള്‍, മെട്രോ നഗരങ്ങള്‍, പ്രമുഖ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ സമിതി അംഗങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തണമെന്ന് അദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ശനിയാഴ്ച ചേര്‍ന്ന സമിതിയുടെ അവലോകന യോഗത്തിലാണ് ആഭ്യന്തര മന്ത്രിയുടെ ഈ സുപ്രധാന നിര്‍ദേശം.
ദേശീയ സുരക്ഷ, രാജ്യത്തിന്റെ പരമാധികാരം, ക്രമസമാധാനം, സാമൂഹിക ഘടന എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് ജനസംഖ്യാ പാറ്റേണുകളിലെ മാറ്റമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഗോത്രവര്‍ഗ സമൂഹങ്ങളുടെ സംരക്ഷണത്തെപ്പോലും ബാധിക്കുന്ന ഈ വിഷയത്തില്‍ കൃത്യമായ പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി.
അനധികൃത കുടിയേറ്റവും മറ്റ് അസ്വാഭാവിക കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന ജനസംഖ്യാ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ മെയ് മാസത്തിലാണ് ആഭ്യന്തര മന്ത്രാലയം സമിതി രൂപീകരിച്ചത്. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നൗലേക്കര്‍ അധ്യക്ഷനായ സമിതിയില്‍ സെന്‍സസ് കമ്മിഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദുര്‍ഗ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ഷമിക രവി എന്നിവരാണ് അംഗങ്ങള്‍.
വ്യത്യസ്ത മത-സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ സാധാരണ ജനന-മരണ നിരക്കുകള്‍ക്ക് വിരുദ്ധമായി ഉണ്ടാകുന്ന അസാധാരണമായ ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് ശാസ്ത്രീയമായി സമിതി പഠിക്കും. അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക അവസരങ്ങള്‍, സാമൂഹിക-പരിസ്ഥിതി ഘടകങ്ങള്‍ എന്നിവ ജനസംഖ്യാ മാറ്റത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും പരിശോധിക്കും. ആസൂത്രിതമായ കുടിയേറ്റങ്ങളും അസ്വാഭാവികമായ താമസ സൗകര്യങ്ങളും നിരീക്ഷിക്കും. രാജ്യത്ത് നിലവിലുള്ള അനധികൃത കുടിയേറ്റക്കാരെ നിയമപരമായും സുതാര്യമായും കണ്ടെത്തുന്നതിനും, തടങ്കലില്‍ പാര്‍പ്പിക്കുന്നതിനും, നാടുകടത്തുന്നതിനുമുള്ള സ്ഥിരമായ ഒരു ഭരണഘടനാ ചട്ടക്കൂട് സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യും.
അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല വ്യവസായ മേഖലകളിലും വലിയ നഗരങ്ങളിലും അനധികൃത കുടിയേറ്റത്തിന്റെ സ്വാധീനം പ്രകടമാകുന്നുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതുകൂടി കണക്കിലെടുത്താണ് സമിതിയോട് രാജ്യ വ്യാപകമായി വിപുലമായ പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു വര്‍ഷത്തിനകം സമിതി തങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.