മെന്‍ലോ പാര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയിലേക്ക് കമ്പനിയെ മാറ്റുന്ന പ്രക്രിയയില്‍ തങ്ങള്‍ക്ക് ചില പിഴവുകള്‍ സംഭവിച്ചതായി തുറന്ന് സമ്മതിച്ച് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജീവനക്കാര്‍ക്ക് അയച്ച ആഭ്യന്തര സന്ദേശത്തിലാണ് സക്കര്‍ബര്‍ഗിന്റെ ഈ നിര്‍ണായക വെളിപ്പെടുത്തല്‍. ദൈനംദിന ജോലികളില്‍ എഐ സന്നിവേശിപ്പിക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് മെറ്റാ നിലവില്‍ നിക്ഷേപിക്കുന്നത്.
എഐ സാങ്കേതിക വിദ്യയിലുണ്ടായ ദ്രുതഗതിയിലുള്ള വളര്‍ച്ചയും അത് ഉയര്‍ത്തുന്ന വെല്ലുവിളികളും സക്കര്‍ബര്‍ഗ് മെമ്മോയില്‍ പങ്കുവെച്ചു. ഈ മാറ്റങ്ങളുടെ സങ്കീര്‍ണത കണക്കിലെടുക്കുമ്പോള്‍ തങ്ങള്‍ക്ക് ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയും സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഭാവിയില്‍ സംഘടനാ പരമായ മാറ്റങ്ങളുടെ കാര്യത്തില്‍ പരമാവധി സ്ഥിരത ഉറപ്പാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി,
ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമിതമായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദേഹം ഈ വര്‍ഷം ഇനി കമ്പനിയില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടാകില്ലെന്ന് ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കി.
കഴിഞ്ഞ മെയ് മാസത്തില്‍ മെറ്റാ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വലിയൊരു പുനസംഘടന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആഗോളതലത്തില്‍ 10 ശതമാനം ജീവനക്കാരെ ഒഴിവാക്കുകയും 7000 ത്തോളം ജീവനക്കാരെ പുതിയ എഐ ദൗത്യങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പൂര്‍ണമായും എഐ അധിഷ്ഠിതമായ ടീമുകളെ കെട്ടിപ്പടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി വരും ദിവസങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.