ടെലഗ്രാമിന് കേന്ദ്ര പൂട്ട്: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍; ജൂണ്‍ 22 വരെ താല്‍കാലിക നിരോധനം

ടെലഗ്രാമിന് കേന്ദ്ര പൂട്ട്: പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കി ഗൂഗിള്‍; ജൂണ്‍ 22 വരെ താല്‍കാലിക നിരോധനം

ന്യൂഡല്‍ഹി: രാജ്യത്ത് നീറ്റ് മെഡിക്കല്‍ പുനപരീക്ഷ നടക്കാനിരിക്കെ പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാമിന് ഇന്ത്യയില്‍ താല്‍കാലിക നിരോധനം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കം ചെയ്തു. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പ് നീക്കാന്‍ ആപ്പിളിനോടും കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

നീറ്റ് പുനപരീക്ഷ പൂര്‍ത്തിയാകുന്ന ജൂണ്‍ 22 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രശ്‌നത്തിന്റെ വേരറുക്കുകയാണ് വേണ്ടതെന്നും അല്ലാതെ ആപ്പ് നിരോധിക്കുന്നത് ദശലക്ഷക്കണക്കിന് സാധാരണ ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നും ടെലഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ് പ്രതികരിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന രീതിയില്‍ വ്യാപകമായ വ്യാജ പ്രചാരണങ്ങള്‍ ടെലഗ്രാം വഴി നടന്നിരുന്നു. പരീക്ഷാ ചോദ്യ പേപ്പറുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പ് സംഘങ്ങള്‍ കൈക്കലാക്കിയത്. പേപ്പര്‍ ലീക്ക്ഡ് നീറ്റ്, റീ-നീറ്റ് 2026, പ്രൈവറ്റ് മാഫിയ, റീ നീറ്റ് മാഫിയ തുടങ്ങിയ പേരുകളിലുള്ള ടെലഗ്രാം ചാനലുകള്‍ വഴിയാണ് പ്രധാനമായും തട്ടിപ്പ് നടന്നത്.

തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിലെ മെസേജ് എഡിറ്റ് ഫീച്ചര്‍ ജൂണ്‍ 30 വരെ പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. കുറ്റ കൃത്യങ്ങള്‍ക്ക് ഉപയോഗിച്ച നിരവധി ചാനലുകളും ബോട്ടുകളും ഇതിനകം തന്നെ നീക്കം ചെയ്തു. വ്യാജ ചോദ്യപേപ്പര്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിഹാര്‍, ഗുജറാത്ത്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ ഉടന്‍ തന്നെ 1930 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ വിവരമറിയിക്കണമെന്നും കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സി നിര്‍ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.